 
നെല്ലിയാമ്പതി: വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ തിരക്ക്. പ്രതിദിനം ആയിരത്തിലധികം പേരാണ് ഇവിടെയെത്തുന്നത്. പാലക്കാടിന് പുറമെ തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർ കൂടി നെല്ലിയാമ്പതിയിലെ കാഴ്ച ആസ്വദിക്കാൻ എത്തുന്നുണ്ട്.
ഞായറാഴ്ച്ച മാത്രം എണ്ണൂറോളം വാഹനങ്ങളാണ് പോത്തുണ്ടി ചെക്ക് പോസ്റ്റിലൂടെ നെല്ലിയാമ്പതിയിലെത്തിയത്. നെല്ലിയാമ്പതിയിലെ വിവിധ വ്യൂപോയിന്റുകൾ സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. സർക്കാർ നിർദേശിച്ച കൊവിഡ് മാനദണ്ഡം പൂർണമായും പാലിക്കാൻ കഴിയാത്ത സ്ഥിതിയാണ് പലയിടങ്ങളിലും.
പ്രധാന സന്ദർശന സ്ഥലങ്ങളായ സീതാർകുണ്ട്, കേശവൻപാറ, കാരപ്പാറ ഭാഗങ്ങളിൽ സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. ഏഴ് മാസങ്ങൾക്ക് ശേഷമാണ് നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളെ കയറ്റിവിട്ടുതുടങ്ങിയത്.
കടകളും സജീവമായി
സഞ്ചാരികൾ എത്തിയതോടെ കൈകാട്ടി, പുലയമ്പാറ, കേശവൻപാറ, നൂറടി ഭാഗങ്ങളിലെ കടകളും ഹോട്ടലുകളും സജീവമായി. കൂടാതെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും താമസം അനുവദിച്ചതോടെ നെല്ലിയാമ്പതി പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുകയാണ്. സഞ്ചാരികൾ ഇല്ലാതായതോടെ ഇവരെ ആശ്രയിച്ചുകഴിയുന്ന ടാക്സി ഡ്രൈവർമാരും ഹോട്ടലുകളും റിസോർട്ടുകാരും ദുരിതത്തിലായിരുന്നു. കാരാശൂരി, ആനമട ഭാഗങ്ങളിലേക്ക് ട്രക്കിംഗും ആരംഭിച്ചു.
ഓറഞ്ച് ഫാമിലും നല്ലകാലം
നെല്ലിയാമ്പതി ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിലേക്കും സന്ദർശകരെ അനുവദിക്കുന്നുണ്ട്. സീസണായതോടെ നിരവധി പേരാണ് നെല്ലിയാമ്പതി ഓറഞ്ച് ലഭിക്കുമെന്ന പ്രതീക്ഷയിൽ ചുരം കയറിയെത്തുന്നത്. എന്നാൽ വിളവെടുക്കുന്ന ഓറഞ്ച് പൂർണ്ണമായും സംസ്‌കരിച്ച് സ്‌ക്വാഷായാണ് ഇവിടെ വില്പന നടത്തുന്നത്. സ്വകാര്യ ഓറഞ്ച് തോട്ടങ്ങളിലെ വിളവെടുപ്പ് അടുത്ത മാസമേയുണ്ടാകൂ.