 
പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയിൽ മദ്യം കഴിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ചിന്നദുരൈയുടെ മകൻ മുരുകൻ (30), മുനിയന്റെ മകൻ ചെല്ലപ്പൻ (62), ഭാര്യ തങ്കമണി (33), കല്യാണിയുടെ മകൻ നാഗരാജ് (25), കറുപ്പന്റെ ഭാര്യ രുഗ്മിണി (52), പയ്യന്റെ മകൻ കുമാർ (22), സുരേഷിന്റെ ഭാര്യ കമലം (42), മണിയുടെ മകൻ ശക്തിവേലു (22), വിശ്വനാഥന്റെ ഭാര്യ മാരി (35) എന്നിവരാണ് ആശുപത്രിയിലുള്ളത്.
തിങ്കളാഴ്ച പലരുടെയും നില മോശമായിരുന്നെങ്കിലും നിലവിൽ അപകടനില തരണം ചെയ്തായി പൊലീസ് പറഞ്ഞു.
ശിവന്റെ മക്കളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു
പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് മദ്യദുരന്തത്തിൽ മരിച്ച ശിവന്റെ പത്ത്, ഒമ്പത്, ഏഴ് വയസ് പ്രായമുള്ള മൂന്ന് മക്കളെയും ശിശുക്ഷേമ സംരക്ഷണ സമിതി ഏറ്റെടുത്തു. ഊരു മൂപ്പന്റെ വീട്ടിലുള്ള ഇവരെ മരണാന്തര ചടങ്ങുകൾക്ക് ശേഷം സമിതിയുടെ കീഴിലുള്ള പ്രത്യേക കേന്ദ്രങ്ങളിലൊന്നിലേക്ക് മാറ്റുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശുഭ വിശ്വനാഥൻ അറിയിച്ചു.
ബാലവകാശ കമ്മിഷൻ അംഗം സി.വിജയകുമാറിന്റെ നിർദേശ പ്രകാരം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശുഭ വിശ്വനാഥൻ, ജില്ലാ വനിതാ ശിശു ഓഫീസർ പി.മീര എന്നിവർ കോളനി സന്ദർശിച്ച് കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഓൺലൈൻ മുഖേന ഹാജരാക്കി. കമ്മിറ്റി കുട്ടികളുമായും ജില്ലാ ശിശു സംരക്ഷണ ഓഫീസറുമായും നേരിട്ട് സംസാരിച്ചു.
കുട്ടികളുടെ അമ്മ നേരത്തെ ഇവരെ ഉപേക്ഷിച്ച് പോയതാണ്. അച്ഛനും മരണപ്പെട്ടതോടെ തീർത്തും അനാഥരായി. ഈ സാഹചര്യത്തിലാണ് പൂർണ സംരക്ഷണം കമ്മിറ്റി ഏറ്റെടുത്തത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം വി.എസ്.മുഹമ്മദ് കാസിം നേരിട്ട് ഊര് സന്ദർശിച്ച് മൂപ്പനുമായും അങ്കണവാടി അദ്ധ്യാപകരുമായും സംസാരിച്ച് കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് വിലയിരുത്തൽ നടത്തി.
മരണാനന്തര ചടങ്ങുകൾ പൂർത്തിയാകുന്ന മുറയ്ക്ക് കുട്ടികളെ ശിശുസംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുന്നതിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പുനരധിവാസത്തിനുമായി സ്പോൺസർഷിപ്പ് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും.