വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാതയിലേക്ക് കടക്കുമ്പോൾ ഒറ്റനോട്ടത്തിൽ റോഡ് നല്ലതാണെന്ന് തോന്നും. പക്ഷേ മിക്കയിടങ്ങളിലും ചതിക്കുഴികളാണ്.
റോഡ് നല്ലതാണെന്ന് കരുതി വാഹനത്തിന്റെ വേഗം അൽപമൊന്ന് കൂട്ടിയാൽ കുഴികളിൽ വാഹനം കുടുങ്ങും. അടുത്ത് എത്തുമ്പോഴേ കുഴിയുടെ ആഴം മനസിലാവൂ. ഈ സമയം വാഹനം നിറുത്താനോ വെട്ടിക്കാനോ കഴിയില്ല. വാഹനം കുഴിയിൽച്ചാടി തെറിക്കും. ചിലപ്പോൾ ചക്രം വേർപെട്ട് പോകുകയും ചെയ്യും.
രണ്ടാഴ്ചക്കിടെ 55 വാഹനങ്ങളാണ് വിവിധ സ്ഥലങ്ങളിൽ കുഴിയിൽച്ചാടി തകരാറിലായത്. ചക്രം പൊട്ടുകയോ വളയുകയോ ചെയ്താൽ വാഹനം മാറ്റാൻ ക്രെയിൻ വിളിക്കേണ്ട അവസ്ഥയാണ്. കുഴിയിൽച്ചാടിയുള്ള ആഘാതത്തിന് പുറമേ യാത്രക്കാരന് സമയവും പണവും നഷ്ടമാകുന്നു.
ആറുവരിപ്പാത നിർമ്മാണ കരാർ കമ്പനിയായ കെ.എം.സി ഇടയ്ക്ക് പാറപ്പൊടിയും കല്ലും ഉപയോഗിച്ച് കുഴികളയ്ക്കുമെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തകർന്ന് വീണ്ടും പഴയപടിയാകും. കുതിരാൻ തുരങ്കം ഉൾപ്പെടുന്ന വടക്കഞ്ചേരി മണ്ണുത്തി ആറുവരിപ്പാത വികസനവും ഇഴയുകയാണ്.
ഈ ഭാഗങ്ങൾ സൂക്ഷിക്കണം
വടക്കഞ്ചേരി സർവീസ് റോഡ്, ശങ്കരംകണ്ണംതോട്, വാണിയമ്പാറ, കുതിരാൻ, പട്ടിക്കാട് എന്നിവിടങ്ങളിലാണ് പ്രധാനമായും അപകടക്കുഴി. വാണിയമ്പാറയിൽ 100 മീറ്റർ ആറുവരിപ്പാത നിർമ്മാണം നടന്നിട്ടില്ല. ഇവിടെ രണ്ടുവരിപ്പാതയാണ്. ഇവിടങ്ങളിൽ സൂചനാ ബോർഡ് ഇല്ലാത്തത് ആശയക്കുഴപ്പത്തിനിടയാക്കുന്നു.
ടാറിംഗ് നടത്തി കുഴികളടച്ചാൽ മാത്രമേ താത്കാലമെങ്കിലും പ്രശ്നപരിഹാരമാകൂ.
-എൻ.സി.രാഹുൽ, ചെയർമാൻ, കുതിരാൻ ജനകീയ പ്രതിഷേധ കൂട്ടായ്മ.