
കൊല്ലങ്കോട്: കൊടുവായൂർ കൈലാസ് നഗർ വാരിയത്തുകളത്ത് നിറുത്തിയിട്ട ലോറിയിൽ തീപടർന്ന് ക്ലീനർ വളത്തുകാട് ചരാണത്തുകളം കൃഷ്ണന്റെ മകൻ കുമാരൻ (35) വെന്തുമരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
അറ്റകുറ്റപ്പണിക്ക് ശേഷം ഡ്രൈവർ സതീഷ് വാഹനം നിറുത്തിയിട്ട് വീട്ടിൽ പോയിരുന്നു. വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തി കാബിനിൽ കയറിയ കുമാരൻ, ഗ്യാസ് സ്റ്റൗവ് കത്തിച്ചതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കടകൾ നേരത്തേ അടച്ചതിനാൽ ലോറിയിൽ കയറി ചായയുണ്ടാക്കാൻ ശ്രമിച്ചതാകാമെന്ന് കരുതുന്നു.
ഡോർ തുറക്കാൻ പറ്റാത്ത വിധം അടഞ്ഞിരുന്നു. കാബിൻ മുഴുവനും അഗ്നിക്കിരയായി. തീയും പുകയും കണ്ട് നാട്ടുകാർ ഓടിക്കൂടി അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ചിറ്റൂരിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. അവിവിവാഹിതനാണ് കുമാരൻ. അമ്മ: ദേവു. സഹോദരങ്ങൾ: മാണിക്യൻ, പരമേശ്വരൻ, ശരവണൻ, രാധാകുമാരി, ഗീതാകുമാരി, രാജി.