 
കൊല്ലങ്കോട്: ചെമ്മണാമ്പതി- തേക്കടി വനപാതയ്ക്ക് ആവശ്യമെങ്കിൽ ആസ്തി വികസന ഫണ്ട് വിനിയോഗിക്കുമെന്ന് കെ.ബാബു എം.എൽ.എ. ബ്ലോക്ക് ഓഫീസിൽ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക് ഡൗണിൽ സേത്തുമടയിലെ തമിഴ്നാട് ചെക്ക് പോസ്റ്റിൽ നിയന്ത്രണം കർശനമാക്കിയതോടെ പറമ്പിക്കുളം നിവാസികൾ അടിയന്തരാവശ്യങ്ങൾക്ക് പാലക്കാടെത്താൻ ഏറെ വലയുകയാണ്. അത്യാവശ്യമായി ഇവർക്ക് യാത്രാസൗകര്യവും ആംബുലൻസ് സർവീസും നടത്താനുതകുന്ന വഴി വേണം. ഇത് നേടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തും.
ഊരുകൾ മാസങ്ങളായി ഒറ്റപ്പെട്ടതിനാലാണ് പാത നിർമ്മാണവുമായി ആദിവാസികൾ രംഗത്തിറങ്ങിയത്. തൊഴിലുറപ്പിലൂടെ നിർമ്മാണം ആദിവാസികളെ തന്നെ ഏല്പിച്ച് വനംവകുപ്പിന്റെ നേത്യത്വത്തിൽ നടത്തും. മൂന്നുമീറ്റർ വീതിയിൽ മൂന്ന് കി.മീ പാത നിർമ്മാണത്തിന് രണ്ടരയേക്കർ ഭൂമി ആവശ്യമാണ്. വനാവകാശ നിയമപ്രകാരം ഒരേക്കർ വരെ വനം വകുപ്പിന് നൽകാം. ബാക്കി സ്ഥലത്തിന് ചർച്ച നടത്തും.
മുടിവായിൽ നിന്ന് വെള്ളക്കൽതിട്ട് വഴി മലയാടിവാരം വരെ സർവേ നടത്തും. വനംവകുപ്പിന്റെയും ജില്ലാ വികസന സമിതിയുടെയും അനുമതി ലഭിച്ചാലുടൻ നിർമ്മാണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ശാരദ തുളസീദാസ്, വൈസ് പ്രസിഡന്റ് എം.എ.ഗണേശൻ, പഞ്ചായത്ത് പ്രസിഡന്റ് ബേബിസുധ, ജില്ലാ ലീഗൽ സർവീസ് അസോ.സെക്രട്ടറി പി.ജി.അനുപമ, പട്ടികവർഗ ക്ഷേമ ഓഫീസർ എം.മല്ലിക, ജെ.പി.സി സി.എസ്.ലതിക, ബി.പി.ഒ ശശികുമാർ, വനം റേഞ്ച് ഓഫീസർ ഷെരീഫ്, വനിതാക്ഷേമ വികസന ഓഫീസർ എം.ശാന്തി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.രാജീവ് പങ്കെടുത്തു.
ഊരുകളിലെ പ്രശ്നങ്ങളെല്ലാം കോളനികൾ സന്ദർശിച്ചപ്പോൾ മനസിലായി. വനപാതയുടെ ആവശ്യകത ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
-വി.ജി.അനുപമ, ജില്ലാ ലീഗൽ സർവീസ് അസോ.സെക്രട്ടറി.
വനം വകുപ്പിന്റെ നേതൃത്വത്തിൽ അല്ലിമൂപ്പൻ, മുപ്പതേക്കർ, കച്ചിത്തോട് കോളനികളിൽ വി.എസ്.എസ് രൂപീകരിച്ച് പ്രവർത്തനം നടത്തും.
-ഷെറീഫ്, വനം റേഞ്ച് ഓഫീസർ.