 
നെന്മാറ: പോത്തുണ്ടിയിൽ നിന്ന് മംഗലം ഡാമിലേക്കുള്ള ടൂറിസം ലിങ്ക് റോഡ് എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നെല്ലിയാമ്പതിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് മംഗലം ഡാം സന്ദർശിക്കാനുള്ള എളുപ്പ വഴിയാണ് പോത്തുണ്ടി എൽ.ബി.സി പ്രധാന കനാൽ ബണ്ട് റോഡ്.
നിലവിൽ റോഡ് ഒരു കി.മീ അറ്റകുറ്റപ്പണി ചെയ്യാതെ കിടക്കുന്നതിനാൽ വലിയ യാത്രാപ്രശ്നമാണ് ജനങ്ങൾ നേരിടുന്നത്. നെന്മാറ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് റീടാർ ചെയ്ത് പുനർനിർമ്മിച്ചാൽ സന്ദർശകർക്ക് എളുപ്പത്തിൽ മംഗലം ഡാമിലെത്താം.
പോത്തുണ്ടി ഡാം ചെക്ക്പോസ്റ്റ് പരിസരത്ത് നിന്നാരംഭിക്കുന്ന മൂന്നര കി.മീ വരുന്ന റോഡ് റീടാറിംഗ് നടത്തിയാൽ ടൂറിസം ലിങ്ക് 15 കി.മീ.യിൽ യാഥാർത്ഥ്യമാകും. നിലവിൽ നെന്മാറ- ചിറ്റിലഞ്ചേരി- മുടപ്പല്ലൂർ- വണ്ടാഴി വഴി മംഗലം ഡാമിലെത്താൻ 34 കി.മീ യാത്ര ചെയ്യണം.
വലിയ സാദ്ധ്യതകൾ
റോഡ് വലിയ വാഹനങ്ങൾക്ക് പോകാവുന്ന രീതിയിൽ വികസിപ്പിച്ചാൽ ടൂറിസത്തിനും അയിലൂർ, നെന്മാറ, വണ്ടാഴി പഞ്ചായത്തുകളുടെ വികസനത്തിനും ഏറെ പ്രയോജനകമാകും. കൂടാതെ യാത്രാസമയവും ഇന്ധനവും ലാഭിക്കാം. പോത്തുണ്ടി, മംഗലംഡാം മേഖലയിലെ വിനോദസഞ്ചാരത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഡി.ടി.പി.സി രണ്ട് ഡാം ഉദ്യാനങ്ങളും മോടികൂട്ടി അടിസ്ഥാന സൗകര്യം വികസിപ്പിച്ചിട്ടുണ്ട്.