 
നിർമ്മാണം ഇനി റീബിൽഡിൽ ഉൾപ്പെടുത്തി
നെല്ലിയാമ്പതി: ഉരുൾപൊട്ടലിലും കാലവർഷത്തിലും തകർന്ന നെല്ലിയാമ്പതി ചുരം പാത നവീകരണം പൊതുമരാമത്ത് വകുപ്പ് നിറുത്തി. സംരക്ഷണഭിത്തി, വെള്ളച്ചാൽ നിർമ്മാണമാണ് നിറുത്തിയത്. റീ ബിൽഡ് പദ്ധതിയിലുൾപ്പെടുത്തി ലോകബാങ്ക് ധനസഹായത്തോടെ പാത നവീകരിക്കാനുള്ള പ്രാഥമിക സർവേ പൂർത്തിയായതിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തി നിറുത്താൻ നിർദ്ദേശം നൽകിയത്.
രണ്ടുവർഷമായി ശക്തമായ മഴയിൽ ചുരം പാതയിലെ മിക്ക ഭാഗങ്ങളിലും മണ്ണിടിഞ്ഞും മരങ്ങൾ വീണും തകർന്നതുമൂലം യാത്ര ഭീഷണിയിലാണ്. പ്രളയത്തിൽ തകർന്ന ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സംരക്ഷണ ഭിത്തിയും കലുങ്കുകൾ നിർമ്മിച്ചും നന്നാക്കി വരുന്നതിനിടെയാണ് നിറുത്തിവെയ്ക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
നെല്ലിയാമ്പതി ചുരം പാത നവീകരിക്കുന്നതിനായി ലോകബാങ്കിന്റെ 100 കോടി ചിലവ് പ്രതീക്ഷിക്കുന്ന പ്രവൃത്തിയുടെ പ്രാഥമിക സർവേ പൂർത്തിയായിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോർട്ട് അംഗീകരിക്കുന്നതോടെ കരാർ നടപടികളിലേക്ക് നീങ്ങും.
അപകട ഭീഷണി ഒഴിഞ്ഞില്ല
നിയന്ത്രണം നീക്കിയതോടെ ദിവസവും നൂറിലധികം വാഹനങ്ങളാണ് നെല്ലിയാമ്പതിയിലേക്ക് നിലവിലെത്തുന്നത്. ചുരം പാതയിൽ ഭിത്തി തകർന്ന് ആറിടങ്ങളിൽ ഇപ്പോഴും അപകട ഭീഷണി തുടരുകയാണ്. ഈ ഭാഗങ്ങളിൽ ഒഴിഞ്ഞ വീപ്പയും കല്ലുകളും വെച്ചാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.