പാലക്കാട്: സഹകരണ സംഘങ്ങളെ കൂടി ഉൾപ്പെടുത്തിയതോടെ നെല്ല് സംഭരണം ഊർജിതമായി. സർക്കാർ, സ്വകാര്യ മില്ലുകളും സഹകരണ സംഘങ്ങളും 21വരെയുള്ള കണക്കുപ്രകാരം 17,000 മെട്രിക് ടൺ നെല്ല് സംഭരിച്ചു.
സഹ.സംഘങ്ങൾ രണ്ടുദിവസത്തിൽ 30 മെട്രിക് ടൺ ഏറ്റെടുത്തു. 20 മുതലാണ് സംഘങ്ങൾ സംഭരണമാരംഭിച്ചത്. ആദ്യദിനം ആലത്തൂർ, മുണ്ടൂർ, നല്ലേപ്പിള്ളി, പെരുമാട്ടി സംഘങ്ങളാണ് നെല്ലേറ്റെടുത്തത്.
17 വർഷങ്ങൾക്ക് ശേഷമാണ് സംഘങ്ങൾ സംഭരിക്കുന്നത്. കൂടുതൽ സ്വകാര്യ മില്ലുകൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംഘങ്ങൾക്ക് അനുമതി നൽകിയത്. ജില്ലയിലെ 94 സംഘങ്ങളിൽ 35 എണ്ണം നെല്ല് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിൽ 24 എണ്ണം പ്രവൃത്തിയാരംഭിച്ചു.
സപ്ലൈകോയുമായുള്ള കരാർ ഇങ്ങനെ
പഞ്ചായത്തിൽ ഒന്നിൽ കൂടുതൽ സംഘമുണ്ടെങ്കിൽ നെൽപ്പാടം തുല്യമായി വീതിക്കും. ഒരു സൊസൈറ്റി പോലുമില്ലെങ്കിൽ തൊട്ടടുത്ത പഞ്ചായത്തിലെ രജിസ്റ്റർ ചെയ്ത സൊസൈറ്റിക്ക് ശേഖരിക്കാം.
സംഭരിക്കുന്ന നെല്ലിന്റെ പൂർണ ഉത്തരവാദിത്തം സംഘത്തിന്. അളവിലും തൂക്കത്തിലും ഗുണത്തിലും കുറവുവരാതെ സൂക്ഷിക്കണം.
തീപിടുത്തം, വെള്ളപ്പൊക്കം, മോഷണം, ശോഷിക്കൽ, ഉണക്ക് തുടങ്ങിയ കാരണങ്ങളാൽ സംഭരിച്ച നെല്ലിനുണ്ടാകുന്ന നഷ്ടം പൂർണമായും കരാറുകാർ വഹിക്കണം. അടിയന്തര ഘട്ടങ്ങളിൽ ഇൻഷൂർ ചെയ്യും. പ്രീമിയം അടയ്ക്കുന്നതിനായി ചെലവായ തുക കരാറുകാർ വഹിക്കണം.
സഹകരണ സംഘത്തിന്റെ പാട്ണർമാരുടെയോ ഡയറക്ടർമാരുടെയോ രാജി അല്ലെങ്കിൽ മരണം ഉണ്ടായാൽ സപ്ലൈകോയ്ക്ക് കരാർ റദ്ദാക്കാം. സംഘത്തിന്റെ അവകാശികൾക്കും പിന്തുടർച്ചക്കാർക്കും ഇത് ബാധകമാണ്.
ഏറ്റെടുത്ത കരാർ പൂർണമായോ ഭാഗികമായോ മറ്റൊരു കക്ഷിക്കും നൽകരുത്.
നെല്ലിനുള്ള ചാക്കുകൾ കരാറുകാർ കർഷകർക്ക് സൗജന്യമായി നൽകണം. ചെലവും വഹിക്കണം.
കർഷകർക്ക് പി.ആർ.എസ് ലഭ്യമാക്കാൻ ഇപോസ് മെഷീൻ സംഘം ഏർപ്പാടാക്കണം.