thottam
അബ്ദുറഹ്മാൻ സഖാഫി ടെറസിലെ പച്ചക്കറി കൃഷിയിടത്തിൽ.

ആലത്തൂർ: അടുക്കളത്തോട്ടം നിർമ്മിച്ചും പരിചയക്കാരെ കൃഷിയിലേക്ക് ആകർഷിപ്പിച്ചും മാതൃകയാവുകയാണ് എരിമയൂർ ഈരോട്ടുപള്ളി മദ്രസ അദ്ധ്യാപകനായ മഞ്ഞളൂർ നെല്ലിക്കൽകാട് അബ്ദുറഹ്മാൻ സഖാഫി.

വീട്ടിലേക്ക് വേണ്ട മുഴുവൻ പച്ചക്കറിയും ആകെയുള്ള 11 സെന്റിൽ വീട് കഴിഞ്ഞുള്ള ഭാഗത്താണ് ജൈവ രീതിയിൽ കൃഷി ചെയ്യുന്നത്. വി.എഫ്.പി.സി.കെയിൽ നിന്ന് ലഭിച്ച വിത്തിനൊപ്പം സമീപവാസികളുടെ വീട്ടിലെ ചാണകവും കോഴിക്കാഷ്ടവുമാണ് വളം.

ലോക്ക് ഡൗണിലെ വിരസത അകറ്റാനാണ് ചെറിയ രീതിയിലുള്ള കൃഷി വ്യാപിപ്പിച്ചത്.

ആഴ്ചയിൽ ഒരുകിലോ പച്ചമുളക് വരെ കിട്ടും. മത്തൻ 25 എണ്ണം. എല്ലാം വീട്ടിലേക്കും അയൽവാസികൾക്കും പങ്കിടും. എസ്.വൈ.എസ് സോൺ ജനറൽ സെക്രട്ടറിയായ അബ്ദുറഹ്മാൻ വിവിധ കേന്ദ്രങ്ങളിൽ സമാന രീതിയിൽ സംഘടനാ സംവിധാനം ഉപയോഗിച്ച് അടുക്കളത്തോട്ടം രൂപീകരിച്ചു. പച്ചക്കറി ശേഖരിച്ച് സൗജന്യ വിതരണത്തിന് മുൻകൈയെടുക്കുകയും ചെയ്തു.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഹരിതം" വാട്ട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച് കൃഷി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നു. ഗ്രൂപ്പിലൂടെ സമാഹരിക്കുന്ന പച്ചക്കറി കിറ്റുകളായി നിർദ്ധനർക്ക് വിതരണം ചെയ്യും. സംഘടനയിൽ നിന്നും കിട്ടുന്ന പ്രചോദനമാണ് ഇവയ്‌ക്കെല്ലാം കാരണമെന്ന് അബ്ദുറഹ്മാൻ പറയുന്നു. അമ്മ: ഉമ്മുസൽമ. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് തമീം, മുഹമ്മദ് തുലൈബ്.