sabari-asramam
അകത്തേത്തറ ശബരി ആശ്രമത്തിൽ പുരോഗമിക്കുന്ന സ്മൃതിമണ്ഡപം നിർമ്മാണം.

പാലക്കാട്: അകത്തേത്തറ ശബരി ആശ്രമത്തിൽ രക്തസാക്ഷ്യം ഗാന്ധിസ്മൃതി മണ്ഡപത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. ഹോസ്റ്റൽ, ഓഫീസ് കെട്ടിടങ്ങളിൽ ടൈൽ പാകലാണ് നിലവിൽ നടക്കുന്നത്. ചുറ്റുമതിൽ നിർമ്മാണവും ആരംഭിച്ചു. ഓഫീസ് കെട്ടിടത്തിന്റെയും വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലിന്റെയും നിർമ്മാണം ഒരേ സമയമാണ് നടക്കുന്നത്. കുളത്തിന്റെ സംരക്ഷണ ഭിത്തി,​ കുളപ്പുര നിർമ്മാണം പൂർത്തിയാക്കി.

2.60 കോടി ഉപയോഗിച്ച് ഒന്നാംഘട്ടത്തിൽ 6800 ചതുരശ്ര അടിയിൽ ഹോസ്റ്റൽ, ഓഫീസ്, കൺട്രോൾ മുറി, സെക്യൂരിറ്റി മുറി, കവാടം, കുളപ്പുര, പാതകൾ, ലാന്റ് സ്കേപ്പിംഗ് എന്നിവയാണൊരുക്കുന്നത്.

നിലവിലെ അടുക്കളയോട് ചേർന്ന ഭാഗം പൊളിച്ചാണ് ഹോസ്റ്റൽ പണിയുന്നത്. ഇവിടെ 36 കുട്ടികൾക്ക് താമസിക്കാനുള്ള 12 മുറികൾ, വാർഡന്റെ മുറി, സ്വീകരണ മുറി, രോഗിമുറി, അടുക്കള, സ്റ്റോർ മുറി, ഡൈനിംഗ് ഹാൾ, ഷെഡ് എന്നിവ ഒന്ന് വീതവും രണ്ട് അതിഥി മുറികളും നാല് ശൗചാലയങ്ങളും ഉണ്ടാകും. സ്വീകരണമുറി, ഓഫീസ് ലോബി, ശൗചാലയം എന്നിവ ഉൾപ്പെടുന്നതാണ് ഓഫീസ്.

രണ്ടാംഘട്ടം

അഞ്ചുകോടി ചെലവിൽ സാംസ്കാരിക വകുപ്പാണ് രക്തസാക്ഷ്യം സ്മൃതിമണ്ഡപം നിർമ്മിക്കുന്നത്. രണ്ടാംഘട്ടത്തിൽ സെമിനാർ ഹാളും ലൈബ്രറിയും പൂർത്തിയാക്കും. ചുറ്റുപാടും മരങ്ങളും പൂർണമായും സംരക്ഷിച്ചാണ് നിർമ്മാണം. പഴമ നിലനിറുർത്തി മ്യൂസിയം പൂർത്തിയാക്കും.

ചരിത്രം

മഹാത്മാഗാന്ധി മൂന്നുതവണ സന്ദർശിച്ച ഇടം. കസ്തൂർബയോടൊപ്പം ഗാന്ധിജി താമസിച്ച അപൂർവം സ്ഥലങ്ങളിൽ ഒന്ന്. ശ്രീനാരായണ ഗുരുവും മറ്റു സാമൂഹ്യ പരിഷ്കർത്താക്കളും സന്ദർശിച്ച സ്ഥലമെന്ന പ്രത്യേകതയുമുണ്ട്. 1923ൽ ടി.ആർ.കൃഷ്ണസ്വാമി അയ്യരാണ് ആശ്രമം സ്ഥാപിച്ചത്.

ഫെബ്രുവരിയോടെ ഹോസ്റ്റൽ, ഓഫീസ്, കെട്ടിടങ്ങളുടെ നിർമ്മാണവും കുളം നവീകരണവും പൂർത്തിയാക്കി കൈമാറാൻ കഴിയും.

-മണികുമാർ,​ എൻജിനീയർ,​ ഹാബിറ്ററ്റ് ടെക്‌നോളജി.