 
ചെർപ്പുളശേരി: നെല്ലായ കൃഷി ഭവനിൽ നിന്ന് പൊന്മണി വിത്തുവാങ്ങി കൃഷിയിറക്കിയ നൂറിലധികം കർഷകർ വെട്ടിലായി. വിവിധ പാടശേഖരങ്ങളിൽ രണ്ടാംവിള ഇറക്കിയ കർഷകരാണ് പൊയ്ക്കതിർ വന്ന് നെൽകൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലായത്. 150 ദിവസം കൊണ്ട് നെൽക്കതിരാവേണ്ട വിത്ത് 30 ദിവസം കൊണ്ട് പൊയ്ക്കതിർ വന്നതോടെയാണ് കൃഷിയിറക്കിയ കർഷകരെല്ലാം ഞെട്ടിയത്. ഇതോടെ രണ്ടാംവിള പൂർണ്ണമായും ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്.
15,180 കിലോ പൊന്മണി വിത്താണ് കൃഷി ഭവനിലൂടെ കിലോക്ക് 12 രൂപ നിരക്കിൽ നൽകിയത്.
കടം വാങ്ങിയും ആഭരണം പണയം വെച്ചും കൃഷിയിറക്കിയ കർഷകർക്കാണ് ഈ ദുരനുഭവം. ഏക്കറിന് 30,000 രൂപയോളം ചിലവാക്കിയ കർഷകരും ഇക്കൂട്ടത്തിലുണ്ട്. പാടത്ത് വെള്ളം നിൽക്കുന്നതിനാൽ വൈക്കോൽ പോലും കിട്ടില്ലെന്നും വലിയ സാമ്പത്തിക ബാദ്ധ്യതയാണ് വന്നത്.
വിദഗ്ദ്ധരെത്തി
തൃശൂർ അഗ്രികൾച്ചറൽ യുണിവേഴ്സിറ്റിയിലെ ഡോ.പി.എസ്.എബിദ, ഡോ.എസ്.അനിത, പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഡോ.പി,രാജി, ഡോ.പി.പി.മൂസ, ഡോ.വി.തുളസി, ഡോ.കെ.ആർ.ബിജി, ഷൊർണൂർ അഗ്രി.അസി.ഡയറക്ടർ അനില മാത്യു എന്നിവർ പാടശേഖരം സന്ദർശിച്ച് നെൽവിത്തിന്രെയുംം പൊയ്ക്കതിരിന്റേയും സാമ്പിൾ ശേഖരിച്ചു.
വലിയ നഷ്ടം
വിതച്ച എല്ലാവർക്കും 30 ദിവസമായപ്പോഴേക്കും പൊയ്ക്കതിർ വന്നു. വർഷങ്ങളായി കൃഷി ചെയ്യുന്നു. ആദ്യമായാണ് ഇത്തരമൊരനുഭവം. നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യാറാവണം.
-രായിൻ, സെക്രട്ടറി, ഇരുമ്പാശേരി പാടശേഖര സമിതി.
അന്വേഷിക്കും
കർഷകർ നൽകിയ പരാതിയെ തുടർന്ന് കതിരും വിത്തും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. എങ്ങനെയിത് സംഭവിച്ചെന്നത് അന്വേഷിക്കും. മഞ്ജു, കൃഷി ഓഫീസർ.
കാരണം വ്യക്തമല്ല
കൃഷി നാശത്തിന്റെ കാരണം വ്യക്തമല്ല. സാമ്പിൾ പരിശോധനയ്ക്ക് ശേഷമേ എന്തെങ്കിലും പറയാനാകൂ.
അനില മാത്യു, അഗ്രി.അസി.ഡയറക്ടർ, ഷൊർണൂർ.