 
ഷൊർണൂർ: നെൽപാടങ്ങളിൽ സ്ഥിരമായി വാഴക്കൃഷി നടത്തി പരിവർത്തനം നടത്തുന്നത് തുടർന്നിട്ടും അധികൃതർക്ക് മൗനം. മുണ്ടായ ഇടപ്പാടത്ത് തോടിന് സമീപത്തുള്ള നാലേക്കറോളം പാടമാണ് കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി വാഴക്കൃഷി നടത്തി നികത്തുന്നത്. ഇത് നെൽ കർഷകർക്ക് ട്രാക്ടർ, കൊയ്ത്ത് യന്ത്രം തുടങ്ങിയവ പാടത്തേക്ക് കൊണ്ടുപോകുന്നതിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നെൽകൃഷി പരിപോഷിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വർഷങ്ങളായി തരിശിട്ട സ്ഥലം പാട്ടത്തിനും സ്വന്തമായും കൃഷി ചെയ്യാൻ കർഷകർ തയ്യാറായ സാഹചര്യത്തിലാണ് ഭൂമാഫിയ ഇടംകോലിടുന്നത്. കൃഷിയിടത്തിൽ സ്ഥിരമായി വാഴക്കൃഷി നടത്തി ഭൂമിയുടെ സ്വാഭാവികത ഇല്ലാതാക്കി പരിവർത്തനം നടത്താനാണ് ഇവരുടെ ശ്രമം. പുഴയോരത്തെ വാഴക്കൃഷിക്ക് പിന്നിൽ പുറംനാട്ടുകാരായ ചിലരാണെന്ന് മുണ്ടായ പാടശേഖര സമിതി പറയുന്നു.
പരാതി നൽകിയിട്ടും ഫലമില്ല
പാടശേഖരങ്ങളിൽ വേലി കെട്ടി തിരിച്ച് വാഴയും മറ്റു ഫലവൃക്ഷങ്ങളും വച്ച് പിടിപ്പിച്ച് ഭൂമി തരം മാറ്റുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആരോപിച്ച് ആർ.ഡി.ഒ, നഗരസഭാ സെക്രട്ടറി, പാടശേഖര ഏകോപന സമിതി എന്നിവർക്ക് പാടശേഖര സമിതി പരാതി നൽകി ആഴ്ചകൾ പിന്നിട്ടിട്ടും സ്ഥലം സന്ദർശിക്കനോ നടപടിയെടുക്കാനോ അധികൃതർ തയ്യാറായില്ല.
പാടശേഖര സമിതിയുടെ പ്രവർത്തന ഫലമായി തരിശായി കിടന്നിരുന്ന ഏക്കർ കണക്കിന് നിലത്ത് കൃഷിയിറക്കാൻ കർഷകർ തയ്യാറായി വരുന്നുണ്ട്. ഇത് കണ്ടാണ് ഭൂമാഫിയ വാഴക്കൃഷിയുടെ മറവിൽ തടസം സൃഷ്ടിക്കുന്നത്.
-ശശിധരൻ നായർ, സെക്രട്ടറി, മുണ്ടായ പാടശേഖര സമിതി.