pkd-park
നവീകരണം പൂർത്തിയായ താരേക്കാട് കൃഷ്ണസ്വാമി അയ്യർ പാർക്ക്.

പാലക്കാട്: നഗരവാസികൾക്ക് സായാഹ്നങ്ങളും ഒഴിവുകാലങ്ങളും ഉല്ലാസപ്രദമാക്കാൻ നഗരത്തിലെ പാർക്കുകളുടെ നവീകരണം പൂർത്തിയാകുന്നു. കാടുപിടിച്ചും ക്ഷുദ്രജീവികളുടെ വിഹാര കേന്ദ്രങ്ങളുമായി കിടന്നിരുന്ന 13 പാർക്കുകളാണ് 7.49 കോടി ചെലവിൽ അമൃത് പദ്ധതിയിലുൾപ്പെടുത്തി പ്രവർത്തന സജ്ജമാകുന്നത്.
നഗര മദ്ധ്യത്തിലുള്ള കോട്ടമൈതാനം പാർക്ക്, കൃഷ്ണസ്വാമി അയ്യർ പാർക്ക്, ഡോ.കൃഷ്ണപാർക്ക് എന്നിവയാണ് നവീകരിക്കുന്നത്. ഇതിൽ രണ്ടെണ്ണം പൂർത്തിയായി. പുതുതായി നിർമ്മിച്ച കാസിം കോളനി, ജലധ നഗർ, റോസ് ഗാർഡൻ, മീനനഗർ, രമാദേവി പാർക്ക്, മുനിസിപ്പൽ പാർക്ക് എന്നിവയും പ്രവർത്തന സജ്ജമാണ്.
പാർക്കുകൾ മണ്ണിട്ട് വൃത്തിയാക്കിയാണ് നവീകരിക്കുന്നത്. ഇതിനായി അമൃത് പദ്ധതിയുടെ തോട് വികസനത്തിന്റെ ഭാഗമായുള്ള മണ്ണാണ് ഉപയോഗിക്കുന്നത്. കളിക്കോപ്പുകളും ഓപ്പൺ സ്റ്റേജും നടപാതയുമൊക്കെ ഒരുക്കുന്നുണ്ട്.

ഡോ.കൃഷ്ണപാർക്ക്, കോട്ടമൈതാനം പാർക്ക്, ഐശ്വര്യനഗർ പാർക്ക്, സലാമത്ത് നഗർ പാർക്ക്, ശ്രീറാം പാർക്ക്, നൂറണി മൈത്രിനഗർ പാർക്ക്, ഒലവക്കോട് നിള നഗർപാർക്ക്, കൽപാത്തി ഗണേഷ് നഗർ പാർക്ക്, നൂറണി പാർക്ക്, ഈശ്വർ ഗാർഡൻ പാർക്ക്, വന്ദന പാർക്ക്, വെങ്കേടശ്വര പാർക്ക് തുടങ്ങിയവയും നവീകരണ പാതയിലാണ്. ഈ പാർക്കുകളെല്ലാം പ്രവർത്തന ക്ഷമാകുന്നതോടെ നഗരവാസികൾക്ക് ഉല്ലസിക്കാൻ സ്ഥലമില്ലെന്ന ദീർഘകാലത്തെ പരാതിക്കാണ് പരിഹാരമാകുന്നത്.