
പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതി തേടി വീടിന് മുന്നിൽ മാതാപിതാക്കളുടെ സത്യഗ്രഹം ആരംഭിച്ചു. പ്രതികളെ വെറുതെ വിട്ട കോടതി വിധി വന്ന് ഒരു വർഷം പൂർത്തിയാകുന്ന ഇന്നലെ മുതൽ ഒരാഴ്ചയാണ് സമരം. കോടതി മേൽനോട്ടത്തിലുളള പുനരന്വേഷണമാണ് മാതാപിതാക്കളുടെ ആവശ്യം.നീതി ലഭിച്ചില്ലെങ്കിൽ മരണം വരെ സത്യഗ്രഹം തുടരുമെന്ന് അവർ പറഞ്ഞു.
2019ൽ വിധി വന്നശേഷം മുഖ്യമന്ത്രിയെ കണ്ടപ്പോൾ ഏതന്വേഷണത്തിനും കൂടെയുണ്ടാകുമെന്ന് നൽകിയ ഉറപ്പ് പാഴായി. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് നിലനിൽക്കെ, അന്വേഷണ മേധാവിയായ ഡിവൈ.എസ്.പി സോജന് സ്ഥാനക്കയറ്റം നൽകിയത് അട്ടിമറിയാണെന്നും മാതാപിതാക്കൾ ആരോപിച്ചു.
പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ അടുത്തയാഴ്ച ഹൈക്കോടതിയിൽ വാദം തുടങ്ങാനിരിക്കെയാണ് സമരം. വാളയാർ നീതി സമര സമിതിയാണ് നേതൃത്വം നൽകുന്നത്. വി.കെ.ശ്രീകണ്ഠൻ എം.പി, സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ, കൺവീനർ കെ.എം.മാർസൽ, സി.ആർ.നീലകണ്ഠൻ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
സമരം എന്തിനെന്ന്
മനസിലാകുന്നില്ല: മന്ത്രി
വാളയാർ കേസിലെ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ നടപടി പുരോഗമിക്കുന്നതിനിടെ നടത്തുന്ന സമരം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. ആരെങ്കിലും കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചോ എന്നറിയില്ല. കോടതിയുടെ മുമ്പിലുള്ള പ്രശ്നത്തിൽ നടക്കുന്ന സമരത്തിൽ നിന്ന് പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.