surendran

പാലക്കാട്: വാളയാർ കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതിതേടി സത്യാഗ്രഹം നടത്തുന്ന മാതാപിതാക്കളെ സന്ദർ‌ശിക്കുകയായിരുന്നു അദ്ദേഹം.

എന്തിനാണ് സമരം എന്നല്ല,​ കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി എന്തിന് ശ്രമിച്ചെന്നാണ് മന്ത്രി എ.കെ.ബാലൻ അന്വേഷിക്കേണ്ടത്. പ്രതികളെ വെറുതേവിട്ട് ഒരു വർഷം ഇരകൾക്ക് നീതി ലഭിക്കാൻ എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് ബാലൻ വ്യക്തമാക്കണം. കേസ് സി.ബി.ഐക്ക് വിടാൻ മുഖ്യമന്ത്രി തയ്യാറാവണം. സ്വർണക്കടത്തുമായി കാരാട്ട് റസാഖിന് ബന്ധമുണ്ടെന്നത് രണ്ടുമാസം മുമ്പ് ബി.ജെ.പി പറഞ്ഞിരുന്നു. കാരാട്ട് റസാഖും കോടിയേരി ബാലകൃഷ്ണനും രണ്ട് ശരീരവും ഒരു ആത്മാവുമാണ്. സ്വർണക്കടത്ത് ഗൂഢാലോചനയുടെ കേന്ദ്രം എ.കെ.ജി സെന്ററും ക്ലിഫ് ഹൗസുമാണെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.