
പാലക്കാട്: വാളയാറും ഹാഥ്‌റസും ഭരണകൂട ഭീകരതയുടെ പ്രത്യക്ഷ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാളയാർ കേസിൽ നീതിയാവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന സത്യാഗ്രഹ സമരപ്പന്തൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പോക്സോ കേസുകൾ അട്ടിമറിക്കുന്ന, പാവങ്ങൾക്ക് നീതി ലഭ്യമാക്കാത്ത സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ് സമരം. വാളയാർ വിഷയം നിരവധി തവണ നിയമസഭയിൽ ഉന്നയിച്ചിട്ടും കണ്ണുതുറക്കാത്തവരാണ് അധികാരത്തിലുള്ളത്. പ്രതികളെയും അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പ് പാഴായി. കഴിഞ്ഞ ദിവസം സമരപ്പന്തലിന് സമീപം സന്ദർശനം നടത്തിയ മന്ത്രി എ.കെ. ബാലൻ ഇവിടേക്ക് വരാത്തത് കുറ്റബോധം കൊണ്ടാണ്.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയവർ സർവീസിലുണ്ടാകില്ല. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ സി.ബി.ഐ ഏറ്റെടുക്കണോ എന്നത് സംബന്ധിച്ച് അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.