 
വടക്കഞ്ചേരി: തകർന്ന മംഗലം- ഗോവിന്ദാപുരം പാത യാത്രക്കാരുടെ നട്ടെല്ലൊടിക്കുന്നു. നെന്മാറ എൻ.എസ്.എസ് കോളേജ് മുതൽ മംഗലം വരെയുള്ള ദൂരമാണ് കൂടുതൽ തകർന്നത്. കൊല്ലങ്കോട് മുതൽ കോളേജ് വരെ ടാറിംഗ് നടത്തിയെങ്കിലും മംഗലം വരെ ഓട്ടയടയ്ക്കൽ മാത്രമാണ് നടന്നത്. കാലവർഷത്തോടെ കുഴികൾ വീണ്ടും രൂപപ്പെട്ടു. ഇതോടെ വഴി പരിചയമില്ലാത്ത വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നു.
കുഴികളിൽ കയറിയിറങ്ങിയുള്ള ഓട്ടം വാഹനങ്ങൾക്കും കേടുപാട് വരുത്തുന്നു. വെള്ളം കെട്ടി നിൽക്കുന്നതിനാൽ പലപ്പോഴും കുഴികൾ തിരിച്ചറിയാൻ കഴിയില്ല. പള്ളിക്കാട്ടെ കുഴികളിൽ കല്ലുകളിട്ടടച്ചെങ്കിലും ടാറിംഗ് നടത്താത്തതിനാൽ വലിയ വാഹനങ്ങൾ പോകുമ്പോൾ സമീപത്തെ കടയിലേക്ക് കല്ലുകൾ തെറിക്കുന്നു. റോഡ് ഉടൻ ടാറിംഗ് നടത്തിയില്ലെങ്കിൽ കുഴികൾ വലുതാകാനും അപകടം കൂടാനും കാരണമാകും. ഗോമതി, കടമ്പിടി, ചിറ്റിലഞ്ചേരി, കാത്താംപൊറ്റ, കല്ലത്താണി, പള്ളിക്കാട്, പന്തപ്പറമ്പ് എന്നിവിടങ്ങളിൽ തകർച്ച രൂക്ഷമാണ്.
സർവേ നടന്നു; റിപ്പോർട്ട് ചുവപ്പുനാടയിൽ
പൊള്ളാച്ചി, തിരുപ്പൂർ, ഉദുമൽപേട്ട, പഴനി എന്നിവിടങ്ങളിലുള്ളവർക്ക് ഗുരുവായൂർ, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴിയാണിത്. ദിനംപ്രതി ചെറുതും വലുതുമായ ആയിരത്തോളം വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.
നേരത്തെ ദേശീയപാതയുടെ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് സർവേ നടത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. എറണാകുളത്തെ കിറ്റ്കോ ഏജൻസി തയ്യാറാക്കിയ റിപ്പോർട്ട് ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. സർവേ നടത്തിയത് മൂലം ടാറിംഗിന് അധികൃതർ ശ്രമം നടത്തുന്നില്ലെന്ന് പരാതിയുണ്ട്.