kozhinjampara
കൊഴിഞ്ഞാമ്പാറ കുന്നങ്കാട്ടുപതിയിൽ നിന്നുള്ള കളിമണ്ണ് കടത്ത് കർഷകർ തടഞ്ഞപ്പോൾ.

ചിറ്റൂർ: കുന്നങ്കാട്ടുപതി മണൽത്തോട്ടിലുള്ള കുളം നവീകരിക്കുന്നതിന്റെ മറവിൽ അന്യജില്ലകളിലേക്ക് നൂറുകണക്കിന് ലോഡ് കളിമണ്ണ് രാപ്പകൽ ഭേദമില്ലാതെ കടത്തുന്നു. തൃശൂർ, എറണാകുളം ജില്ലകളിലേക്കാണ് മണ്ണ് കടത്ത്. സംഭവം ശ്രദ്ധയിൽപ്പെട്ട കർഷകർ ഖനനം തടഞ്ഞു.

ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഒമ്പതേക്കർ വരുന്ന കുളം മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി ആഴപ്പെടുത്തുന്നെന്ന പേരിലാണ് ഖനനം. മണ്ണ് കടത്തുന്നതിന് അധികൃതരുടെ ഒത്താശയുള്ളതായും ആക്ഷേപമുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് കർഷകർ കൂട്ടത്തോടെയെത്തി ഒരാഴ്ചയായി നടക്കുന്ന ഖനനം തടഞ്ഞത്. ഭാരവാഹികളായ എ.സുബ്രഹ്മണ്യ കൗണ്ടർ, ധർമ്മലിംഗം, അമൃതലിംഗം, ഉമ്മർ ഫാറൂഖ്, ചാന്തുമണി, ഗോപാൽ, ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.

പദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന്

തെങ്ങുകൃഷി നശിച്ച കുന്നങ്കാട്ടുപതിയിൽ പ്രത്യേക സാഹചര്യത്തിൽ പുതിയ കൃഷി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മൈക്രാ ഇറിഗേഷൻ പദ്ധതി നടപ്പാക്കുന്നത്. കുളം ആഴപ്പെടുത്തുന്നതിലെ മണ്ണ് കർഷകർക്ക് സ്വന്തം കൃഷിയിടങ്ങളിൽ സൗജന്യമായി നിക്ഷേപിക്കാൻ അനുവാദം നൽകിയിരുന്നു. മണ്ണെടുപ്പ് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണെന്നും അറിയിച്ചിരുന്നു. ഇതോടൊപ്പം കൃഷി, റവന്യു അധികൃതരുടെ പങ്കാളിത്തവും ഉറപ്പുവരുത്തിയിരുന്നു. പിന്നീടിതെല്ലാം അട്ടിമറിച്ച് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന് ചുമതല കൈമാറി. പഞ്ചായത്ത് ടെണ്ടർ ക്ഷണിച്ച് അന്യജില്ലക്കാരായ കളിമൺ ലോബിക്ക് സൗകര്യമൊരുക്കിയെന്നാണ് കർഷകരുടെ ആരോപണം.