kozhi

വടക്കഞ്ചേരി: വീട്ടുമുറ്റത്തെ കോഴി വളർത്തലിന് തിരിച്ചടിയായി വസന്തരോഗം പടരുന്നു. ഇത് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർക്ക് കനത്ത നഷ്ടമാണ് വരുത്തുന്നത്. നാടൻ കോഴികൾ ഉൾപ്പെടെ കൈരളി, ഗ്രാമപ്രിയ, ഗ്രാമശ്രീ തുടങ്ങിയ വിവിധയിനം മുട്ടക്കോഴികൾക്കും അസുഖം വരുന്നുണ്ട്. മുട്ടയുല്പാദനം കുറയുന്നത് കൂടാതെ കോഴികൾ ചാവുന്നതും തിരിച്ചടിയായി. അസുഖം കണ്ടുതുടങ്ങിയ ഉടൻ ചികിത്സ നടത്തിയാൽ കോഴികൾ രക്ഷപ്പെടുന്നുണ്ട്. എന്നാൽ ദിവസങ്ങളോളമായി അസുഖം ബാധിച്ച കോഴികളെ രക്ഷിച്ചെടുക്കുക പ്രയാസമാണ്.

ലക്ഷണം

തല താഴ്ത്തി തൂങ്ങി നിൽക്കുന്നത് കൂടാതെ വെള്ളയും പച്ചയും നിറത്തിലുള്ള കാഷ്ഠം ഇടുന്നതും വായിൽ നിന്നും മൂക്കിൽ നിന്നും കൊഴുത്ത വെള്ളം വരുന്നതും കോഴിവസന്തയുടെ ലക്ഷണമാണ്. അസുഖം വന്ന കോഴികളുടെ ശരീര ഭാരം കുറയും. മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി വീട്ടുമുറ്റത്തു വളർത്തുന്ന കോഴികൾക്ക് പലപ്പോഴും പ്രതിരോധ വാക്സിൻ എടുക്കാറില്ല. ഇത്തരം കോഴികൾക്കാണ് അസുഖം പെട്ടെന്ന് പിടിപെടുന്നത്. മുട്ടക്കോഴികളെ അപേക്ഷിച്ച് നാടൻ കോഴികൾക്ക് പ്രതിരോധ ശേഷി കൂടുതലുണ്ടെങ്കിലും ഇവയ്ക്കും രോഗം പടരുന്നുണ്ട്.

പ്രശ്നം കാലാവസ്ഥ

കാലാവസ്ഥ വ്യതിയാനമാണ് അസുഖം വരാൻ കാരണമെന്ന് വെറ്ററിനറി സർജന്മാർ പറയുന്നു. കനത്ത മഴയിലും കൂടുതൽ തണുപ്പിലും കോഴികളിൽ അസുഖം പെട്ടെന്ന് പിടിപെടാം. വെയിലും മഴയും ഇടവിട്ടുള്ള കാലാവസ്ഥയും പ്രശ്നമാണ്. കോഴി തീറ്റയെടുക്കാതെ തലയും താഴ്ത്തിയിരിക്കുന്നത് മറ്റു പല രോഗങ്ങളുടെയും ലക്ഷണമാണ്. കോഴികളെ ദിവസവും നിരീക്ഷിക്കണം. അസുഖം കണ്ടാൽ ഉടൻ സമീപത്തെ മൃഗാശുപത്രികളിൽ എത്തിച്ച് ചികിത്സ തേടണം.