ctr-pond
കുന്നങ്കാട്ടുപതിയിൽ കുളം നവീകരണത്തിന്റെ മറവിൽ നടക്കുന്ന കളിമണ്ണ് കടത്ത്.

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ കുന്നങ്കാട്ടുപതിയിൽ കുളം നവീകരണത്തിന്റെ മറവിൽ നടക്കുന്ന കളിമണ്ണ് കടത്തിനെ ചൊല്ലി കരാറുകാരും കർഷകരും തമ്മിൽ വീണ്ടും സംഘർഷം. നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം നിറുത്തി വച്ച മണ്ണുകടത്ത് ഇന്നലെ പുനഃരാരംഭിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്.

കർഷകരുമായി ചർച്ച ചെയ്ത് തീരുമാനിച്ച ശേഷമേ മണ്ണെടുപ്പുണ്ടാകൂവെന്ന ഉറപ്പ് ലംഘിച്ച കരാറുകാരുടെ നടപടിയാണ് പ്രശ്നത്തിന് വഴിവെച്ചത്. ബുധനാഴ്ച രാവിലെ ആറോടെ വൻ വാഹന വ്യൂഹവുമായെത്തിയാണ് മണ്ണുകടത്താൻ വീണ്ടും ശ്രമം തുടങ്ങിയത്. ഇതിൽ പ്രതിഷേധിച്ച കർഷകരും പ്രദേശവാസികളും സംഘടിച്ചെത്തി ടോറസ് ലോറികൾ ഉൾപ്പെടെ തടഞ്ഞിട്ടു. തുടർന്ന് സ്ഥലത്ത് സംഘർഷ സാദ്ധ്യത ഉടലെടുത്തിട്ടും പൊലീസൊ, റവന്യൂ, പഞ്ചായത്ത് അധികൃതരൊ എത്താത്തതും ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കി.

ജലസേചന പദ്ധതി പ്രകാരം കുളം നവീകരിക്കുന്നതിന്റെ മറവിലാണ് മണ്ണുകടത്ത്. കുളം ആഴപ്പെടുത്തുന്നതിലെ മണ്ണ് കർഷകർക്ക് സ്വന്തം കൃഷിയിടങ്ങളിൽ സൗജന്യമായി നിക്ഷേപിക്കാനാണ് ആദ്യം അനുവാദം നൽകിയത്. മണ്ണെടുപ്പ് കർഷക കൂട്ടായ്യയുടെ നേതൃത്വത്തിലാണെന്നും ധാരണ ഉണ്ടായിരുന്നു. ഇത് അധികൃതർ തന്നെ അട്ടിമറിച്ചാണ് സ്വകാര്യ മാഫിയയ്ക്ക് കൈമാറിയതെന്ന് കർഷകർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് 'കേരളകൗമുദി" ചൊവ്വാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കർഷക കൂട്ടായ്മയ്ക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്ന കർശന നിലപാടിലാണ് നാട്ടുകാർ.

പിന്നിൽ വൻ അഴിമതിയെന്ന് നാട്ടുകാർ

60 വർഷമായി കാടുമൂടിക്കിടന്ന ഒമ്പതേക്കർ വിസ്തൃതിയുള്ള കുളത്തിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന കളിമണ്ണും മണലുമാണ് നിസാര തുകയ്ക്ക് കളിമൺ മാഫിയ കടത്തുന്നത്. തൃശൂർ ജില്ലയിലെ ഓടുനിർമ്മാണ കമ്പനികളിലേക്ക് രാപ്പകലില്ലാതെ ദിനംപ്രതി 300 ലോഡ് വരെ കൊണ്ടുപോകാനായിരുന്നു പദ്ധതി. ഇതിന് ഉന്നത രാഷ്ടീയ ഒത്താശയുമുണ്ട്. തിടുക്കത്തിലുണ്ടാക്കിയ ടെണ്ടർ നടപടികളും കളിമൺ കടത്തലും ഇതോടെ വൻ വിവാദത്തിന് ഇടയാക്കി.