paddy

പാലക്കാട്: കരാറിൽ ഒപ്പിട്ട സ്വകാര്യ മില്ലുകൾക്ക് സപ്ലൈകോ പാടശേഖരങ്ങൾ അനുവദിച്ചു നൽകിയതോടെ ജില്ലയിൽ ഒന്നാംവിള നെല്ല് സംഭരണം ഊർജിതമായി. നിലവിൽ 49 സ്വകാര്യ മില്ലുകൾ സപ്ലൈകോയുമായി കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. സ്വകാര്യ മില്ലേഴ്‌സ് അസോസിയേഷന് കീഴിലുള്ള 52 മില്ലുകളാണ് ഇത്തവണ നെല്ല് സംഭരണത്തിന് തയ്യാറായിട്ടുള്ളത്.

ജില്ലയിൽ ഇതുവരെ 21,800 മെട്രിക് ടൺ നെല്ല് സഹകരണസംഘങ്ങൾ വഴിയും സ്വകാര്യമില്ലുകൾ മുഖേനയും സംഭരിച്ചു കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. സഹകരണ സംഘങ്ങൾ വഴി സംഭരിച്ച നെല്ല് സപ്ലൈകോ ഏറ്റെടുത്ത് സ്വകാര്യമില്ലുകൾക്ക് കൈമാറുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലും സംഭരണം സജീവമായതോടെ സംഭരണത്തിനാവശ്യമായ ചാക്കുകളും കർഷകർക്ക് വിതരണം ചെയ്തു തുടങ്ങി. നേരത്തെ കൊയ്ത്തു കഴിഞ്ഞ പാലക്കാട്, ആലത്തൂർ മേഖലകളിലെ സംഭരണം വേഗത്തിൽ പൂർത്തിയാകുന്നത് കർഷകർക്ക് ഏറെ ആശ്വാസമാണ്. നിലവിൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ രണ്ടാംവിളയുടെ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.

സ്വകാര്യ മില്ലുകൾ മുന്നോട്ട് വരാത്തതിനെ തുടർന്നാണ് സർക്കാർ സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കാൻ തീരുമാനിച്ചത്. എന്നാൽ സംഭരണം മന്ദഗതിയിലായതിനെ തുടർന്ന് വിവിധ സംഘടനകളും കർഷകരും രംഗത്ത് വന്നതോടെയാണ് മുഖ്യമന്ത്രി സ്വകാര്യമില്ലുടമകളുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിച്ചത്. ഉന്നയിച്ച ആവശ്യങ്ങൾക്ക് ഒരു മാസത്തിനുള്ളിൽ പരിഹാരം കാണാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് നെല്ല് സംഭരിക്കാൻ മില്ലുടമകൾ തയ്യാറായത്.

 ലക്ഷ്യം ഒരുലക്ഷം മെട്രിക് ടൺ നെല്ല്


ജില്ലയിൽ നിലവിൽ 90 ശതമാനത്തോളം കൊയ്ത്ത് പൂർത്തിയായി. ഒരുലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കാനാണ് സപ്ലൈകോ ഒന്നാംവിളയിൽ ലക്ഷ്യമിടുന്നത്. രണ്ടാഴ്ചക്കുള്ളിൽ സംഭരണം പൂർത്തിയാക്കാനാണ് ശ്രമം.

പി.കൃഷ്ണകുമാരി, ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ, പാലക്കാട്

സം​ഭ​രണ പരിധി ​2700​ ​കി​ലോ​യാ​യി​ ​ഉ​യ​ർ​ത്ത​ണ​മെ​ന്ന്

പാലക്കാട്: കർഷകരിൽ നിന്നും സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പരിധി ഏക്കറിന് 2200 കിലോയിൽ നിന്നും 2700 കിലോയായി ഉയർത്തണമെന്ന് കെ.വി.വിജയദാസ് എം.എൽ.എ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലാ കലക്ടർ ഡി.ബാലമുരളി അധ്യക്ഷനായ ജില്ലാ വികസന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് എം.എൽ.എ പ്രമേയം ആവതരിപ്പിച്ചത്. നിലവിൽ കർഷകരിൽ നിന്നും ഒരേക്കറിൽ നിന്ന് 2200 കിലോഗ്രാം നെല്ലാണ് സംഭരിക്കുന്നത്. ഇതിൽ കൂടുതൽ സംഭരിക്കണമെങ്കിൽ കൃഷി ഓഫീസറുടെ ശുപാർശ ആവശ്യമുണ്ട്. എന്നാൽ ജില്ലയിൽ കർഷകർക്ക് ഏക്കറിൽ 3000 കിലോ നെല്ല് വരെ ലഭിക്കുന്ന സാഹചര്യമുള്ളതിനാൽ പരിധി ഉയർത്തണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ജില്ലയിൽ ഇതുവരെ നെൽകർഷകരിൽ നിന്നും 21800 ടൺ നെല്ല് സംഭരിച്ചതായി പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു.