minig

ചിറ്റൂർ: കുന്നങ്കാട്ടുപാതിയിൽ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവച്ച കളിമൺ ഖനനവും കടത്തും ഉദ്യോഗസ്ഥർ ഇടപെട്ട് ഒത്തുതീർപ്പാക്കി. കഴിഞ്ഞ രണ്ടുദിവസമായി ചിറ്റൂരിലും കൊഴിഞ്ഞാമ്പാറയിലുമായി തദ്ദേശസ്ഥാപനങ്ങളിലെ ഉന്നതഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും നേതൃത്വത്തിൽ കർഷകരും കരാറുകാരുമായിനടത്തിയ ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്.

തങ്ങൾക്ക് അർഹതപ്പെട്ട മണ്ണ് ലഭിക്കണമെന്ന കർഷകരുടെ ആവശ്യം അംഗീകരിച്ചു. കൂടാതെ കർഷകർക്ക് ജിയോളജി വകുപ്പും പഞ്ചായത്തും നൽകുന്ന പാസിലും ഇളവുകൾ അനുവദിക്കാമെന്നും അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. കർഷകർക്ക് ആവശ്യത്തിന് മണ്ണ് നൽകിയ ശേഷം ബാക്കിയുള്ളവ കരാറുകാർ അയൽ ജില്ലകളിലേക്ക് കൊണ്ടുപോകും. ഇതിന് കർഷകർ തടസം നിൽക്കില്ലെന്നാണ് ഒത്തുതീർപ്പ് ധാരണയെന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രദേശത്തെ കർഷകർ കൂട്ടത്തോടെയെത്തി കളിമണ്ണ് കടത്ത് തടഞ്ഞത്. ശേഷം ബുധനാഴ്ച മണ്ണെടുക്കാൻ കരാറുകാർ വാഹനങ്ങളുമായെത്തിയതോടെ കർഷകർ പ്രതിഷേധവുമായെത്തുകയായിരുന്നു. തുടർന്നാണ് താത്കാലികമായി മണ്ണ് ഖനനം നിറുത്തിവച്ചത്. കർഷകരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നങ്കാട്ടു പതിയിലെ മണൽതോട്ടിൽ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള കുളം ജലവിഭവ വകുപ്പ് നവീകരിക്കാൻ തീരുമാനിച്ചത്. കർഷക കൂട്ടായ്മകൾ വഴി നവീകരിക്കാനായിരുന്നു തീരുമാനം. പക്ഷേ, അത് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന് കൈമാറുകയായിരുന്നു. തുടർന്ന് നടന്ന ടെൻഡറിൽ വലിയ അഴിമതി നടന്നതായും ആരോപണം ഉയർന്നു. കോടികൾ വിലമതിക്കുന്ന കളിമൺ ഒരുലക്ഷത്തിന് താഴെയാണ് ടെൻ‌ഡർ നല്കികിയത്. തൃശൂർ, എറണാകുളം ജില്ലകളിലേക്ക് ടൺകണക്കിന് മണ്ണ് കടത്താനായി വൻകിട മാഫിയയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. വിഷയം വിവാദമായതോടെയാണ് ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നം പരിഹരിച്ചത്. നിലവിലെ ഒത്തുതീർപ്പ് ധാരണകൾ ലംഘിച്ചാൽ വീണ്ടും സമരവുമായി മുന്നോട്ട് പോകുമെന്നാണ് കർഷകർ നൽകുന്ന സൂചന.