
പാലക്കാട്: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ തരണംചെയ്ത് ജനജീവിതം സാധാരണ നിലയിലേക്ക് കടന്നതോടെ സംസ്ഥാനത്തേക്ക് അതിർത്തി കടന്നെത്തുന്ന പാൽവരവ് കൂടി. പ്രതിദിനം രണ്ടര മുതൽ മൂന്നുലക്ഷം ലിറ്റർ വരെ പാൽ വരുന്നതായി ക്ഷീരവികസന വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പാൽ എത്തുന്നത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതൽ ആഗസ്റ്റുവരെ അന്യസംസ്ഥാനങ്ങളിൽ നിന്ന് പ്രതിദിനം എത്തുന്ന പാലിന്റെ അളവ് ഗണ്യമായി കുറഞ്ഞിരുന്നു. മിക്ക ദിവസങ്ങളിലും രണ്ട് ലക്ഷം ലിറ്ററിൽ താഴേ മാത്രമായിരുന്നു എത്തിയിരുന്നത്. അൺലോക്കിനെ തുടർന്ന് ബേക്കറികളും ഹോട്ടലുകളും സജീവമായതോടെയാണ് സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പാൽ വരവ് കൂടിയത്.
കൊവിഡിന് മുമ്പ് സാധരണ പ്രതിദിനം മൂന്നരലക്ഷം ലിറ്റർ പാലായിരുന്നു സംസ്ഥാനത്തേക്ക് വന്നിരുന്നത്. അന്ന് അറുപതോളം വാഹനങ്ങൾ എത്തിയിരുന്നു, കൊവിഡ് കാലത്ത് അത് 20- 25 വാഹനങ്ങളായി കുറഞ്ഞു. നിലവിൽ 35- 40 വാഹനങ്ങൾ എത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. പ്രതിസന്ധികൾ നീങ്ങി പൊതുയിടങ്ങൾ വീണ്ടും സജീവമാകുന്നതോടെ കാര്യങ്ങൾ പഴയ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
** അതിർത്തി കടന്നെത്തുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാനായി മൊബൈൽ ലാബ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാണ്. നിലവിൽ ഒരുമാസം ശരാശരി 156 സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. പൊതുജനങ്ങൾ കൊണ്ടുവരുന്ന സാമ്പിളും പരിശോധിക്കുന്നുണ്ട്. അരമണിക്കൂറിനുള്ളിൽ ഫലമറിയാൻ കഴിയും.
ബ്രിൻസ് മാണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ, ജില്ലാ ക്ഷീരവികസന വകുപ്പ്
മാസം - പാൽ (ലിറ്ററിൽ) - വാഹനങ്ങൾ
* മാർച്ച് - 265262- 35
* ഏപ്രിൽ - 144717- 17
* മെയ് - 225480- 25
* ജൂൺ - 230000- 24
* ജൂലായ് - 240000- 30
* ആഗസ്റ്റ് - 250000- 35
* സെപ്തംബർ -310000- 40