water-can

പാലക്കാട്: കേരള ജല അതോറിറ്റിയും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി നടപ്പാക്കുന്ന ശുദ്ധീകരിച്ച കുടിവെള്ള വിതരണ പദ്ധതി 'ജീവൻധാര'യുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും.

കേരള ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ജല ശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച കുടിവെള്ളം കുടുംബശ്രീ സംരംഭകർ വഴി വീടുകളിലും സ്ഥാപനങ്ങളിലും വിതരണം ചെയ്യുന്നതാണ് ജീവൻധാരാപദ്ധതി. കുടുംബശ്രീ സംരംഭക അയൽക്കൂട്ട അംഗങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആയിരക്കണക്കിന് കുടുംബശ്രീ പ്രവർത്തകർക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതി വഴി ജല അതോറിറ്റിക്കും സാമ്പത്തികമായ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നു ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ആർ. ജയചന്ദ്രൻ പറയുന്നു.
ജല അതോറിറ്റിയുടെ ജല ശുദ്ധീകരണ ശാലയിൽ ശാസ്ത്രീയമായി ശുദ്ധീകരിക്കുന്ന കുടിവെള്ളം 48 മണിക്കൂർ വരെ കുടിക്കാനായി നേരിട്ട് ഉപയോഗിക്കാം. 20 ലിറ്ററുള്ള കുടിവെള്ള ക്യാനിനു 25 രൂപ വീതം ഈടാക്കും. 20 ലിറ്ററിന്റെ ഒരു ക്യാനിനു ഒരു രൂപ വീതമാണ് ജല അതോറിറ്റിക്ക് കുടുംബശ്രീ ഗ്രൂപ്പുകൾ നൽകേണ്ടത്.

ചിറ്റൂർ പുഴപാലം ജല ശുദ്ധീകരണശാല പരിസരത്ത് നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി അധ്യക്ഷയാകും. ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർമാൻ കെ. മധു മുഖ്യാതിഥിയാകും.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സൈതലവി പദ്ധതി വിശദീകരിക്കും. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ധന്യ, ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ ആർ.ജയചന്ദ്രൻ, ജല അതോറിറ്റി ബോർഡ് അംഗം അഡ്വ. വി.മുരുകദാസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജല അതോറിറ്റി ഉദ്യോഗസ്ഥർ, കുടുംബശ്രീ മിഷൻ നിർവ്വഹണ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും.