signboard
തിരുവല്ല-കുമ്പഴ റോഡിലെ ദിശാബോർഡുകൾ കാടുമൂടിയ നിലയിൽ

തിരുവല്ല: സംസ്ഥാനപാതയായ തിരുവല്ല - കുമ്പഴ റോഡിലെ കാടുമൂടിയ നിലയിലുള്ള ദിശാ ബോർഡുകൾ വാഹന യാത്രക്കാരെ വഴിതെറ്റിക്കുന്നതായി പരാതി. മഞ്ഞാടി മുതലുള്ള ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് റോഡരികിലായി സ്ഥാപിച്ചിരിക്കുന്ന സ്ഥലനാമങ്ങൾ രേഖപ്പെടുത്തിയ ബോർഡുകളെ സംബന്ധിച്ചാണ് ആക്ഷേപം ഉയരുന്നത്. രാജ്യാന്തര നിലവാരത്തിൽ നിർമ്മിച്ചെന്ന് അധികൃതർ അവകാശപ്പെടുന്ന റോഡിലാണ് ഈ ദുരവസ്ഥ. പ്രധാന ജംഗ്ഷനുകൾക്ക് മുമ്പായി റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന നിരവധി ദിശാ ബോർഡുകളാണ് വള്ളിപ്പടർപ്പുകൾ പടർന്നു കയറി കാടുമൂടിക്കിടക്കുന്നത്. ഇതര ജില്ലകളിൽ നിന്നടക്കമെത്തുന്ന ദീർഘദൂര യാത്രക്കാരെയാണ് ഇത് ഏറെ വട്ടം ചുറ്റിക്കുന്നത്. ദിശാ ബോർഡുകൾ വ്യക്തമായി കാണാൻ സാധിക്കാത്തതിനാൽ ഉദ്ദേശിക്കുന്ന ഭാഗങ്ങളിലേക്ക് പോകേണ്ടവർ വഴിതെറ്റി കിലോമീറ്ററുകൾ ചുറ്റിത്തിരിയുന്ന അവസ്ഥയാണ്. ഇതേ റോഡിൽ എഴുത്ത് മാഞ്ഞുപോയ ദിശാ ബോർഡുകളും നിരവധിയാണ്.

ജില്ലയിലേക്കുള്ള പ്രധാന പാത

ശബരിമല സീസൺ അടുത്തിരിക്കെ അന്യസംസ്ഥാന യാത്രക്കാർ ഉൾപ്പെടെ ജില്ലയിലേക്ക് കടന്നുവരുന്ന പ്രധാന പാതയിലാണ് വഴിതെറ്റിക്കുവിധം ദിശാബോർഡുകൾ നോക്കുകുത്തിയായി നിലകൊള്ളുന്നത്. മഴക്കാലം മാറി വെയിൽ തെളിഞ്ഞിട്ടും വഴിയോരങ്ങളിലെ കാടുവെട്ടി തെളിക്കാനും ദിശാബോർഡുകൾ ദൃശ്യമാകും വിധത്തിൽ ഒരുക്കുവാനും പൊതുമരാമത്ത് വകുപ്പോ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളോ തയാറായിട്ടില്ല.

-മഞ്ഞാടി മുതലുള്ള ഭാഗത്ത് ബോർഡുകൾ