പന്തളം: പന്തളം കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിന് പുതിയ ഓഫീസ് കെട്ടിടവും പ്രവേശനകവാടവും നിർമ്മാണത്തിനായി 40 ലക്ഷം രൂപ അന്തിമ ഭരണാനുമതി ലഭ്യമായതായി ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് ഈ തുക വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം ഈ പദ്ധതിക്ക് ഭരണാനുമതി ലഭ്യമായെങ്കിലും കെ.എസ്.ആർ.ടി.സി ഉന്നതതല ഉദ്യോഗവൃന്ദം പദ്ധതി പന്തളത്ത് ഓപ്പറേറ്റിംഗ് സെന്റർ ആവശ്യമില്ലെന്ന് റിപ്പോർട്ട് ചെയ്തതിനാൽ തടസപ്പെടുകയായിരുന്നു. തുടർന്ന് എം.എൽ.എ നിയമസഭയിൽ പന്തളത്തിന്റെ ശബരിമലയുമായി ബന്ധപ്പെടുത്തിയുള്ള ദേശീയ തീർത്ഥാടന കേന്ദ്രം എന്ന പ്രാധാന്യം പ്രത്യേകമായി പരിഗണിച്ച് പദ്ധതിക്ക് അനുമതി തേടുകയായിരുന്നു.അവശ്യ പ്രാഥമിക നടപടികൾക്കായി ഇതിനകം അനുബന്ധ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എംഎൽഎ സൂചിപ്പിച്ചു.