ചെങ്ങന്നൂർ: വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തുന്നവരെ നിരീക്ഷണത്തിലാക്കുന്ന നഗരസഭയുടെ കൊവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനം അവസാനിപ്പിച്ചതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. കഴിഞ്ഞ മേയ് 5ന് ആരംഭിച്ച സെന്ററുകളിൽ ഇതുവരെ 382 പേരെ നിരീക്ഷണത്തിലാക്കി. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി എത്തിയവർക്ക് ഭക്ഷണമടക്കം എല്ലാ സൗകര്യങ്ങളും നഗരസഭ സൗജന്യമായാണ് ഏർപ്പെടുത്തിയിരുന്നത്.നഗരസഭ ഇതിനായി നഗരത്തിലെ ഏഴ് ലോഡ്ജുകളും രണ്ട് ഹോസ്റ്റലുകളും റവന്യൂ വകുപ്പ് മുഖേന ഏറ്റെടുത്തിരുന്നു.നഗരസഭാ പ്രദേശത്ത് വിവിധ പഞ്ചായത്തുകൾക്കായി വിട്ടു നൽകിയിരുന്ന കൊവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനം നേരത്തെ അവസാനിപ്പിച്ചിരുന്നു. ഉടമകൾക്ക് സ്ഥാപനം തിരികെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി ജി.ഷെറി ജില്ലാ കളക്ടർ എ.അലക്‌സാണ്ടറിന് കത്ത് നൽകി.സ്ഥാപന ഉടമകൾക്ക് കൊവിഡ് കെയർ സെന്ററായി പ്രവർത്തിച്ച കാലത്തെ വൈദ്യുതി ചാർജ്ജ്, താമസത്തിനുള്ള വാടക മറ്റു ചെലവുകൾ എന്നിവ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ജില്ലാ കളക്ടർക്ക് കത്ത് നൽകി. ദുരന്ത നിവാരണ ഫണ്ടിൽ നിന്നും തുക നൽകാമെന്ന് പറഞ്ഞെങ്കിലും കോവിഡ് കെയർ സെന്ററുകളായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നാളിതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ല.