കോന്നി: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലുമായി 18 ഗ്രാമീണ നടപ്പാതകൾ സഞ്ചാരയോഗ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തൊഴിലുറപ്പു പദ്ധതി അംഗങ്ങളായ സ്ത്രീകളുടെ നിർമ്മാണ മേഖലയിലെ പുത്തൻ ചുവടുവയ്പ്പാണ് എല്ലാ വാർഡുകളിലും നടപ്പാത നവീകരണ പ്രവർത്തനം. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി വീടുകളിൽ കമ്പോസ്റ്റ് പിറ്റുകൾ, കാലിത്തൊഴുത്ത് നിർമ്മാണം, കിണർ നിർമ്മാണം, മീൻകുളം നിർമ്മാണം, ആട് വളർത്തൽ പ്രോത്സാഹനത്തിന്റെ ഭാഗകമായി ആട്ടിൻകൂട് നിർമ്മാണം, മുട്ടക്കോഴി ഗ്രാമം പദ്ധതിയുടെ ഭാഗമായി കോഴിക്കൂട് നിർമ്മാണം, കിണർ റീച്ചാർജ്ജിംഗ്, മഴക്കുഴി നിർമ്മാണം തുടങ്ങി നിർമ്മാണ മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ സജീവമാകുന്നതിന് ഇടയിലാണ് ഇപ്പോൾ ഗ്രാമീണനടപ്പാതകളുടെ നവീകരണ പ്രവർത്തനം ഏറ്റെടുക്കുന്നത്.
27 തൊഴിലാളികൾക്ക് തൊഴിൽ
ഗ്രാമീണ നടപ്പാത എന്ന ആശയം ആദ്യം നടപ്പാക്കിയത് 2019 ൽ മഠത്തിൽകാവ് 14ാം വാർഡിൽ ആയിരുന്നു. എന്നാൽ പിന്നീട് ആ മേഖലയിലേക്ക് തൊഴിലാളികൾ എത്തിച്ചേരുന്നത് ഇപ്പോഴാണ്. 27 തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കുന്ന തരത്തിൽ 1 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുന്നത്.തൊഴിലാളികൾക്ക് 8063 രൂപയും മേസ്തിരിമാരായ തൊഴിലാളികൾക്ക് 9750 രൂപയുമാണ് ഒരു റോഡ് നിർമ്മിക്കുമ്പോൾ ലഭിക്കുന്നത്. സാധനങ്ങൾക്ക് 81550 രൂപയാണ് തുക വകയിരുത്തിയിരിക്കുന്നത്.
കരാറുകാർക്ക് മടി, തൊഴിലുറപ്പുകാർക്ക് കൊടുത്തു
ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും ഗ്രാമീണ റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നതിൽ സമ്പൂർണതയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.എന്നാൽ സഞ്ചാരപാതകളായ നടപ്പാതകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാറുകാർ വരാൻ മടി കാണിക്കുന്നത് കാരണമാണ് ഇത്തരം പ്രവർത്തികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് മുന്നോട്ടു പോയത്.ഒന്നാം വാർഡിലെ മണിയൻപാറ പ്രദേശത്തെ നടപ്പാതയുടെ നിർമ്മാണം ഗാന്ധിജയന്തി ദിനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് രജനി.എം അദ്ധ്യക്ഷത വഹിച്ചു.
കോന്നി ഗ്രാമപഞ്ചായത്തിലെ 18 നടപ്പാതകൾ സഞ്ചാരയോഗ്യമാക്കും