konni
കോന്നി

കോന്നി : സംസ്ഥാന തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലുള്ള പഠനകേന്ദ്രമായ 'കൗശൽ കേന്ദ്ര' കോന്നിയിൽ വരുന്നു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരാവായി. എലിയറയ്ക്കലിൽ ആയിരിക്കും സ്ഥാപനം തുടങ്ങുന്നത്.തൊഴിൽ പരിശീലനം, സ്കിൽ ഡവലപ് മെന്റ്, വ്യക്തിത്വ വികസനം എന്നിവയ്ക്കുള്ള ക്ളാസുകളും നിർദ്ദേശവും നൽകുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ നാലാമത്തെ കൗശൽ കേന്ദ്രയാണ് കോന്നിയിൽ ആരംഭിക്കുക. കോഴിക്കോട് ജില്ലയിലെ മാനാഞ്ചിറയിലും കൊല്ലം ജില്ലയിലെ ചവറയിലും പാലക്കാട് ജില്ലയിലെ കൂ​റ്റനാടുമായാണ് ഇപ്പോഴുള്ളത്. കേരള അക്കാ‌ഡമി ഫോർ സ്‌കിൽസ് എക്‌സലൻസ് മുഖേന നടപ്പിലാക്കിവരുന്ന നൈപുണ്യവികസന കേന്ദ്രമാണിത്.

അഭിരുചി മനസിലാക്കിയുള്ള അസസ്‌മെന്റ് ആൻഡ് കരിയർ ഗൈഡൻസ് സെൽ, ലോകത്തെ മികച്ച വായനശാലകളെ കോർത്തിണക്കിയ ഡിജി​റ്റൽ ലൈബ്രറി, ഇംഗ്ലിഷ്, ജർമൻ, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ ഭാഷകളിൽ വിദഗ്ദ പരിശീലനം നൽകുന്നതിനുള്ള ലാംഗ്വേജ് ലാബ്, വിവിധ തൊഴിൽ മേഖലകളിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഉൾപ്പെടെയുള്ള പരിശീലനങ്ങൾ നൽകുന്ന മൾട്ടി സ്‌കിൽ റൂം എന്നിവ ഉണ്ടാകും.

ആദ്യ ഘട്ടത്തിൽ നാല് കോഴ്‌സുകൾ ആരംഭിക്കും. കേംബ്രിഡ്ജ് യൂണിവേഴ്‌സി​റ്റി
സിലബസനുസരിച്ചുള്ള ഇംഗ്ലീഷ് ലാംഗ്വേജ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ പഠനവുമായി ബന്ധപ്പെട്ട ഡിജി​റ്റൽ ലി​റ്ററസി, മത്സര പരീക്ഷകൾക്ക് തയ്യാറാക്കാൻ വേണ്ടിയുള്ള ക്വാണ്ടി​റ്റേ​റ്റീവ് ആറ്റിട്യൂഡ് ആൻഡ് റീസണിംഗ്, ഇലക്ട്രിക്കൽ ജോലിയിൽ പരിശീലനം നൽകുന്ന ബേസിക് ഇലക്ട്രിക്കൽ സ്‌കിൽ ട്രയിനിംഗ് എന്നിവയാണ് കോഴ്സുകൾ.

പ്രവർത്തനം ഇങ്ങനെ

----------------------

' എലിയറയ്ക്കലിൽ . 3000 സ്‌ക്വയർ ഫീ​റ്റിൽ പൂർണമായും ശീതീകരിച്ച കെട്ടിടമാണ് കൗശൽ കേന്ദ്രയ്ക്കായി തയ്യാറാക്കുന്നത്. സ്ഥല പരിശോധന നടത്തിക്കഴിഞ്ഞു. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും സ്ഥാപനം ഏറെ പ്രയോജനപ്പെടും.'

കെ.യു. ജനീഷ് കുമാർ എം.എൽ.എ