1
പളളിക്കൽ മൃഗാശുപത്രിയുടെ പഴയ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന മാരി മാലിന്യം

സംഭരണ കേന്ദ്രങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നു

പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിലെ ഹരിത കർമ്മ സേന വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം മാസങ്ങളായി സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നു. തോട്ടുവാ പബ്ളിക് മാർക്കറ്റിൽ പണി കഴിപ്പിച്ച സ്റ്റാളിലും പളളിക്കൽ മൃഗാശുപത്രിയുടെ പഴയ കെട്ടിടത്തിലുമാണ് മാലിന്യം സൂക്ഷിച്ചിരിക്കുന്നത്. മാർച്ച് 15 വരെ ശേഖരിച്ച മാലിന്യമാണിത്. ലോക്ക് ഡൗൺ ആയതിൽ പിന്നെ വീട്ടുകളിൽ നിന്ന് മാലിന്യം ശേഖരിച്ചിരുന്നില്ല. ലോക്ക് ഡൗൺ ഇളവുകൾ വന്നതിനാൽ ഇപ്പോൾ വീണ്ടും വീടുകളിൽ നിന്ന് മാലിന്യ ശേഖരണം തുടങ്ങിയിട്ടുണ്ട്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം സംഭരണ കേന്ദ്രങ്ങളിൽ തരം തിരിച്ച് ക്ലീൻ കേരള എന്ന കമ്പനി ഏറ്റെടുത്ത് സംസ്കരിക്കുമെന്നായിരുന്നു പ്രഖ്യാപനം. സംഭരണ കേന്ദ്രങ്ങളിൽ തരം തിരിക്കാത്ത മാലിന്യം കമ്പനി എടുക്കണമെങ്കിൽ ഒരു കിലോയ്ക്ക് 10 രൂപ ക്രമത്തിൽ നൽകണം. ഇത് പഞ്ചായത്തിന്റെ ഓൺ ഫണ്ടിൽ നിന്ന് നൽകാവുന്നതാണെന്ന് ചൂണ്ടികാട്ടി സർക്കാർ ഉത്തരവും ഇറക്കിയിരുന്നു. മാലിന്യംതരം തിരിച്ചാണ് നൽകുന്നതെങ്കിൽ കമ്പനി പഞ്ചായത്തിന് ഫണ്ട് നൽകും . പള്ളിക്കലിൽ തരം തിരിച്ചു നൽകുന്നുമില്ല തരം തിരിക്കാതെയും നൽകുന്നില്ലെന്നാണ് ശുചിത്വ മിഷൻ ജില്ലാ അധികൃതർ പറയുന്നത്. സംഭരണ കേന്ദ്രങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. പള്ളിക്കൽ മൃഗാശുപത്രി യുടെ പഴയ കെട്ടിടം ചോർന്നനൊലിക്കുന്നതിനാൽ മഴ നനഞ്ഞതോടെ മാലിന്യം അഴുകിയും തുടങ്ങി. ലോക്ക് ഡൗൺ കാരണമായിരുന്നു തരംതിരിക്കൽ നടക്കാതിരുന്നതെന്നും ഉടൻതന്നെ മാലിന്യം തരം തിരിച്ച് കമ്പനിക്ക് നൽകുമെന്നും പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി പറഞ്ഞു.