 
പത്തനംതിട്ട: നിർദ്ധനരായ അഞ്ച് വനിതകൾക്ക് തയ്യൽ മെഷീൻ നൽകി പൊലീസ്. ജീവകാരുണ്യ പ്രവർത്തനനങ്ങളുടെ ഭാഗമായാണ് ഇലവുംതിട്ടയിൽ പൊലീസ് തയ്യൽ മെഷീനുകളുമായി എത്തിയത്. മെഴുവേലി പദ്മനാഭോദയം ഹൈസ്‌കൂളിലെ 1993 ബാച്ചിന്റെ 'നമ്മുടെ സ്‌കൂൾ ഡേയ്‌സ്' എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയുടെ സഹകരണത്തോടെയായിരുന്നു വിതരണം. ഓണത്തോടനുബന്ധിച്ച് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനാണ് കൂട്ടായ്മ തീരുമാനിച്ചിരുന്നത്. ഇലവുംതിട്ട ജനമൈത്രി പൊലീസിന്റെ സേവനപ്രവർത്തനങ്ങൾ കേട്ടറിഞ്ഞെത്തിയപ്പോഴാണ് തയ്യൽ മെഷീൻ വിതരണം എന്ന ആശയം പൊലീസ് മുന്നോട്ടുവച്ചത്.
ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ വളപ്പിൽ നടന്ന ചടങ്ങിൽ ജില്ലാപൊലീസ് മേധാവി കെ.ജി.സൈമൺ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.
ജനങ്ങൾക്ക് സേവനവും സഹായവുമായി പൊലീസ് എന്നും ഉണ്ടാകുമെന്നും മഹാമാരിയുടെ നാളുകളിൽ ആളുകളുടെ ഭയാശങ്കകൾ അകറ്റാനും ആത്മവിശ്വാസമേറ്റാനും സുരക്ഷയ്ക്കും പൊലീസ് ജാഗ്രതയോടെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്ടർ എം.ആർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.സി രാജഗോപാലൻ, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണക്കുറുപ്പ്, പൊലീസ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ് സജു, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ അൻവർഷാ, പ്രശാന്ത്, വാട്‌സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.