 
പത്തനംതിട്ട : ജില്ലയിലെ രണ്ട് റോഡുകളുടെ വികസനത്തിന് പ്രധാനമന്ത്രി ഗ്രാമ സടക് യോജന പദ്ധതിയിലൂടെ 8.08 കോടി രൂപ അനുവദിച്ചു. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാങ്കോട് എച്ച്. എസ് - തിടി - നിരത്തുപാറ റോഡിന് 4.27 കോടി രൂപയും എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ ചെട്ടിമുക്ക് - തടിയൂർ - നാരകത്താനി റോഡിന് 3.81 കോടി രൂപയുമാണ് അനുവദിച്ചത്. മാങ്കോട് എച്ച്. എസ് - തിടി - നിരത്തുപാറ റോഡിന് 5.797 കി. മീറ്റർ ദൂരമുണ്ട്. ചെട്ടിമുക്ക് - തടിയൂർ - നാരകത്താനി റോഡിന് 5.654 കിലോമീറ്ററും.
പി. എം. ജി. എസ്. വൈ പദ്ധതിയിൽ പത്തനംതിട്ട ജില്ലയ്ക്ക് ഈ വർഷം 100 കി. മീറ്റർ റോഡുകളാണ് അനുവദിച്ചിരിക്കുന്നത്. ഈ റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ച് അഞ്ചുവർഷക്കാലയളവിനുള്ളിൽ റോഡിന് വേണ്ടിവരുന്ന എല്ലാ അറ്റകുറ്റപ്പണികളും പദ്ധതിയുടെ കരാറുകാരൻ തന്നെ നിർവഹിക്കണം എന്നുള്ളത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. പി. എം. ജി. എസ്. വൈയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ സമർപ്പിച്ച 20 കി.ലോമീറ്റർ ദൈർഘ്യമുള്ള നാല് റോഡുകളിൽ രണ്ട് റോഡുകൾക്കാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. 6.95 കിലോമീറ്റർ ദൈർഘ്യമുളള സീതത്തോട് ഗ്രാമപഞ്ചായത്തിലെ സീതത്തോട് - സീതക്കുഴി - മുണ്ടൻപാറ - ഗുരുനാഥൻമണ്ണ് - വഞ്ചിപ്പടി റോഡ്, പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള മുക്കങ്കർ -ചെത്താങ്കര- മുക്കാലിമൺ -പുലിയല് റോഡ് എന്നിവയാണ് മറ്റ് രണ്ട് റോഡുകൾ. ഈ റോഡുകളുടെ ഒരു കിലോമീറ്റർ നീർമ്മാണത്തിനായി ഏകദേശം 65 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ 113.28 കോടി രൂപ ചിലവഴിച്ച് 157.19 കിലോമീറ്റർ ദൈർഘ്യമുള്ള 59 പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പി. എം. ജി. എസ്. വൈ പദ്ധതിയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമീണ റോഡുകൾ പൂർത്തീക രിച്ചിരിക്കുന്നത് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലാണ്. ഈ വർഷം അനുവദിച്ച 100 കിലോമീറ്റർ ഗ്രാമീണ റോഡുകൾ കൂടി പൂർത്തീകരിക്കുന്നതോടെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായ ത്തുകളെയും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്ന മികച്ച റോഡുകൾക്ക് രൂപം നൽകാൻ കഴിയും.