covid
കൊവിഡ്

പത്തനംതിട്ട - ജില്ലയിൽ ഇന്നലെ 223 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

214 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 51 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 164 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 10, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 10, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 17 (പ്ലാവേലികാലായിൽ ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 7 (പുതുവൽ ഭാഗം), വാർഡ് 8 (കുറുമ്പുകര കിഴക്ക് ഭാഗം), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വാർഡ് 4 (വെൺകുറിഞ്ഞി ഭാഗം), എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 4 (കഞ്ഞിത്തോട് മുളയ്ക്കൽ പ്രദേശം, എഴുമറ്റൂർ ജംഗ്ഷൻ ഗ്രൗണ്ട് ഭാഗം), വാർഡ് 14 (വേങ്ങഴ പള്ളിത്താഴെ ഭാഗം), തിരുവല്ല നഗരസഭയിലെ വാർഡ് 17, 19, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 1, 5, 17 (വാർഡുകളിലെ കൊല്ലകുന്ന് മല, തോട്ടപ്പുഴ, വള്ളംകുളം മുതൽ പാടത്തുപാലം വരെയുള്ള ഭാഗം) എന്നീ സ്ഥലങ്ങളിൽ ഇന്ന് മുതൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.

നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി

ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 7, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 10, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് 16, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 8 എന്നീ സ്ഥലങ്ങൾ ഇന്ന് മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി..

---------

സമൂഹ വ്യാപനത്തിലേക്ക് അടൂർ

അടൂർ : അടൂരിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെ നിരവധി ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതോടെ സമൂഹ വ്യാപന സാദ്ധ്യതയേറുന്നു. അടൂർ ജനറൽ ആശുപത്രിയിലും താലൂക്ക് സപ്ളൈ ഒാഫീസിലും മൂന്ന് ജീവനക്കാർക്ക് വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. താലൂക്ക് സപ്ളൈ ഒാഫീസർ ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് മൂന്ന് ജീവനക്കാർക്കുകൂടി രോഗം ബാധിച്ചത്. പ്രമുഖ ജൂവലറി ഗ്രൂപ്പിന്റെ അടൂർ ഷോപ്പിലെ 15 ഒാളം ജീവനക്കാർക്ക് കൊവിഡ് കഴിഞ്ഞ ദിവസങ്ങളിലായി സ്ഥിരീകരിച്ചു. ഇതിന് പുറമേ അടൂരിലെ ഒരു ബേക്കറിയിൽ 7 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇൗ സ്ഥാപനങ്ങളിൽ കയറിയ നൂറുകണക്കിന് ആളുകൾക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. കച്ചവട സ്ഥാപനങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണിപ്പോൾ. ഇതോടെ സമ്പർക്കമറിയാത്ത രോഗവ്യാപനത്തോത് അതി ഭീകരമായാണ് കുതിച്ചുയരുന്നത്. പക്ഷേ ജനങ്ങൾക്ക് ജാഗ്രതയില്ല. നഗരത്തിൽ തിരക്കിന് കുറവില്ല.