covid-children

പത്തനംതിട്ട: സ്കൂളുകൾ തുറക്കാൻ അനുമതി ലഭിച്ചതോടെ മാതാപിതാക്കളുടെ ആശങ്കയും വർദ്ധിക്കുന്നു. കൊവിഡ് വ്യാപനം കൂടുന്നതാണ് കാരണം. കൊവിഡ് ബാധിതരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കളുടെ സമ്മതപത്രം ലഭിച്ചാൽ മാത്രമേ കുട്ടികളെ ക്ലാസിൽ എത്തിക്കാവു എന്നാണ് സർക്കാർ നിർദ്ദേശം. ഉത്തരവാദിത്തം വീട്ടുകാർക്കാണ് . കുട്ടികളുടെ യാത്ര സ്കൂൾ ബസിൽ ആയാലും സ്വകാര്യ ബസുകളിലായാലും സമ്പർക്കം വർദ്ധിക്കും.

സ്കൂൾ തുറക്കാൻ ഭൂരിഭാഗം അദ്ധ്യാപകർക്കും വലിയ താൽപര്യമാണ്. എത്ര ശ്രമിച്ചിട്ടും ഓൺലൈൻ ക്ലാസുകളുടെ ഗുണം കുട്ടികളിലേക്ക് പൂർണമായി എത്തുന്നില്ലെന്നതാണ് കാരണം. നേരിട്ടെടുക്കുന്ന ക്ലാസുകളേക്കാൾ ബുദ്ധിമുട്ടാണ് ഓൺലൈൻ ക്ലാസുകൾ എന്നാണ് അവരുടെ അഭിപ്രായം. കണക്ക് പോലെയുള്ള വിഷയങ്ങൾ അങ്ങനെ മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാണ്. ധാരാളം ജോലികൾ ഓൺലൈൻ ക്ലാസിനായി ചെയ്തുതീർക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് മുഴുവൻ ഒരുപോലെ പറഞ്ഞു മനസിലാക്കാൻ കഴിയുന്നുണ്ടോയെന്ന ആശങ്കയും അദ്ധ്യാപകർക്കുണ്ട്.

-------------------

" കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം. പത്ത്, പ്ലസ് ടു വിദ്യാർത്ഥികളുടെേതൊഴികെ ബാക്കിയുള്ള ക്ലാസുകളിലെ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ പേടിയുണ്ടെന്ന്‌ പറയുന്നു. വ്യക്തമായ പദ്ധതിയോടെ സാഹചര്യത്തെ അനുകൂലമാക്കാൻ കഴിയുമായിരിക്കും."

രാജേഷ് എസ്. വള്ളിക്കോട്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ

----------------------

" കുഞ്ഞുങ്ങളെ സ്കൂളിലേക്ക് എങ്ങനെ അയയ്ക്കും. അവരെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. എത്ര ശ്രമിച്ചാലും അവർ കൂട്ടം കൂടിയിരിക്കും. അപകട സാദ്ധ്യത കൂടുതലാണ്"

ഷീന സുമേഷ്

(രക്ഷകർത്താവ്)