പത്തനംതിട്ട : കൊവിഡ് രോഗിയുടെ മൃതദേഹം മേൽവിലാസം മാറി സംസ്‌കരിക്കാൻ കൊണ്ടുപോയത് വിവാദമായി. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി കൊവിഡ് വാർഡിലെ രോഗിയായിരുന്ന കോന്നി കുറ്റിക്കാട്ടിൽ ചിന്നമ്മ ദാനിയേലിന്റെ (81) മൃതദേഹമാണ് മേൽവിലാസം തെറ്റി എഴുമറ്റൂർ ചാലാപ്പള്ളിയിലേക്ക് സംസ്‌കരിക്കാൻ കൊണ്ടുപോയത്. ചാലാപ്പള്ളി തെയ്വേലിൽ പുരുഷോത്തമൻ (82) കൊവിഡ് ബാധിച്ച് ഇന്നലെ രാവിലെ 8 ന് ആശുപത്രിയിൽ മരിച്ചിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്‌കാരവും ക്രമീകരിച്ചിരുന്നു. രണ്ടുപേരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലായിരുന്നു.
ചിന്നമ്മയുടെ മൃതദേഹം ചാലാപ്പള്ളിയിലുള്ള പുരുഷോത്തമന്റെ വീട്ടുപടിക്കൽ എത്തിച്ചപ്പോഴാണ് അവിടെ ഉണ്ടായിരുന്ന എഴുമറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് അബദ്ധം മനസിലായത്. കൊവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാലാണ് ആംബുലൻസിൽ നിന്ന് ഇറക്കുന്നതിന് മുമ്പ് മൃതദേഹം ഹെൽത്ത് ഇൻസ്‌പെക്ടർ പരിശോധിച്ചത്. തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചയച്ചു. ഇവിടെ നിന്ന്‌കോന്നിയിലേക്കയച്ചു. മറ്റൊരു ആംബുലൻസിൽ പുരുഷോത്തമന്റെ മൃതദേഹം ചാലാപ്പള്ളിയിലേക്കും കൊണ്ടുപോയി. .
ആംബുലൻസ് ഡ്രൈവറുടെ മൊബൈലിൽ വാട്‌സ് ആപ്പ് സന്ദേശമായാണ് മേൽവിലാസം നൽകിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രണ്ടിന് ചാലാപ്പള്ളിയിൽ സംസ്‌കാരം തീരുമാനിച്ചിരുന്നതിനാൽ പുരുഷോത്തമന്റെ മൃതദേഹം നൽകിയശേഷം ചിന്നമ്മയുടെ മൃതദേഹം കോന്നിയിലേക്ക് കൊണ്ടുപോകാനാണ് ക്രമീകരിച്ചതെന്ന് ആശുപത്രിയിലെ കൊവിഡ് പ്രോട്ടോക്കോൾ ഓഫീസർ പറഞ്ഞു. കൊവിഡ് രോഗിയുടെ മൃതദേഹമായതിനാൽ ഡ്രൈവറെ കൂടാതെ ഒരാൾ മാത്രമേ പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിൽ ഉണ്ടാകാൻ പാടുള്ളൂവെന്നാണ് ചട്ടം. ആംബുലൻസുകളുടെ ദൗർബല്യവും പിശകുപറ്റാൻ കാരണമായി. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ആംബുലൻസുകളും തകരാറിലാണ്.