മല്ലപ്പള്ളി : കുന്നന്താനം ജംഗ്ഷനിലെ രാത്രികാല വാഹന പരിശോധനക്കിടെ കീഴ്വായ്പ്പൂര് എസ്.ഐ. പി.കെ. കവിരാജൻ, പ്രൊബേഷൻ എസ്.ഐ സായ് സേനൻ എന്നിവർക്ക് മർദ്ദനമേറ്റു. കുന്നന്താനത്തും പരിസരത്തും മോഷണവും മോഷണ ശ്രമവും വർദ്ധിച്ച സാഹചര്യത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു പരിശോധന. പൊലീസ് പറയുന്നതിങ്ങനെ - രാത്രി ഒരുമണിയോടെ കുന്നന്താനം ജംഗ്ഷനിൽ അസ്വഭാവികമായി ചിലരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിനിടെ മുഖത്ത് ടോർച്ചടിച്ചത് സംബന്ധിച്ച് തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന പ്രതികൾ ഇതിനിടെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. യൂണിഫോം വലിച്ചുകീറി. കുന്നന്താനം ആഞ്ഞിലിത്താനം ജയാഭവനിൽ ജനീഷ് ബാബു (40)വിനെ സംഭവ സ്ഥലത്തുനിന്ന് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കി. ഒപ്പമുണ്ടായിരുന്ന ആഞ്ഞിലിത്താനം സ്വദേശി ശ്യാമിനു വേണ്ടി അന്വേഷണം ഊർജ്ജിതപ്പെടുത്തി.