road

കൊടുമൺ: ശബരിമല തീർത്ഥാടന കാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ തീർത്ഥാടകർ ഏറെ ആശ്രയിക്കുന്ന പ്രധാന പാതകളിൽ ഒന്നായ ഏഴംകുളം കൈപ്പട്ടൂർ റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പലതവണ ആവശ്യം ഉയർന്നിരുന്നുവെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. പല ഭാഗങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ് . വർഷങ്ങൾക്ക് മുമ്പാണ് ജല അതോറിട്ടി പൈപ്പ് ലൈൻ സ്ഥാപിച്ചത്.പിന്നീട് മഴയിൽ കുഴിയിലെ മണ്ണ് ഒലിച്ചുപോയി അപകടാവസ്ഥയിലായിട്ടും പൊതുമരാമത്ത് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല.വേനൽക്കാലത്ത് പൊടിശല്യവും മഴക്കാലത്ത് ചെളിയും കെട്ടിക്കിടക്കുന്നതു മൂലം ഇതു വഴിയുള്ള യാത്ര നരക തുല്യമാണ്. മണ്ണും കല്ലും റോഡിലേക്ക് ഒലിച്ചിറങ്ങിയത് ഇരുചക്ര യാത്രക്കാർക്ക് ഭീഷണിയായി മാറി. രാത്രികാലങ്ങളിൽ വഴിവിളക്കില്ലാത്തതിനാൽ കാൽനടയാത്രയും ദുഷ്കരമാണ്.കാവുംപാട്ട് ക്ഷേത്രത്തിന് സമീപം വാഹനങ്ങളുടെ അടിഭാഗം തട്ടുന്ന രീതിയിൽ വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. വാഴവിള ഭാഗം, കൊടുമൺ സ്റ്റേഡിയത്തിന് മുൻവശം എന്നിവിടങ്ങളിൽ ചെറിയ മഴ പെയ്താൽ പോലും ദിവസങ്ങളോളം വെള്ളക്കെട്ട് രൂപപ്പെടും.

തകർച്ചയ്ക്ക് കാരണം ഒാടകളില്ലാത്തത്

ഒാടകൾ ഇല്ലാത്തതാണ് റോഡ് ഇത്തരത്തിൽ തകരാൻ കാരണം. താഴ്ന്ന പ്രദേശങ്ങളിൽ സമീപത്തെ പാടശേഖരങ്ങളിൽ നിന്ന് റോഡിലേക്ക് വെള്ളം കയറും. ഈ ഭാഗങ്ങളിൽ റോഡ് ഉയർത്തി പണിതാൽ മാത്രമേ ശാശ്വത പരിഹാരമാകു. കൊടുമൺ ജംഗ്ഷനിലുള്ള ഓടകൾ യഥാസമയം ശുചീകരിക്കാത്തതിനാൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നതും പതിവാണ്. റോഡിലെ സൂചനാ ബോർഡുകൾ പലതും കാലപ്പഴക്കം കാരണം തുരുമ്പിച്ച് നശിച്ചവയാണ്. മറ്റ് ബോർഡുകളിൽ കാടുകയറിയ നിലയിലാണ്. അപകട മുന്നറിയിപ്പുകൾ നൽകുന്നതിന് പലസ്ഥലങ്ങളിലും വീപ്പകൾ നിരത്തി വച്ചിരിക്കുകയാണ്.

തീർത്ഥാടന കാലം ആകുന്നതിനുമുമ്പ് റോഡ് സഞ്ചാരയോഗ്യമാക്കും എന്നായിരുന്നു അധികാരികളുടെ ഉറപ്പ്..41.54 കോടി രൂപ ചെലവിൽ ബി.എ ആൻഡ് ബി.സി.നിലവാരത്തിൽ നിർമ്മിക്കുന്നതിന് കിഫ്ബി യോഗം അംഗീകാരം നൽകിയിട്ടുണ്ട്. പക്ഷേ തുടർ നടപടി ഉണ്ടായിട്ടില്ല.