maniyan-1

കോന്നി : തലയെടുപ്പിലും തടിമിടുക്കിലും മുന്നിലായിരുന്നു കോന്നി ആനത്താവളത്തിൽ ഇന്നലെ ചരിഞ്ഞ മണിയൻ ആന. എരണ്ടക്കെട്ടിനെ തുടർന്ന് തീറ്റയും വെള്ളവും എടുക്കാതായ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചയാണ് ചരിഞ്ഞത്. 76 വയസുണ്ട്. 56 വർഷം വനം വകുപ്പിന്റെ വിവിധ ഡിപ്പോകളിലായിരുന്നു. വാരിക്കുഴിയിൽ വീഴുന്ന താപ്പാനകളെ മെരുക്കിയെടുക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയ താപ്പാനയായിരുന്നു . കോട്ടൂർ മണിയൻ, ആര്യങ്കാവ് മണിയൻ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. . നീളമുള്ള കൊമ്പായിരുന്നു പ്രത്യേകത. വളർച്ച കൂടിയ കൊമ്പ് തീ​റ്റയെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയതോടെ വനം വകുപ്പ് മുറിച്ചുമാ​റ്റിയിരുന്നു. താപ്പാന ആയ ശേഷം കോന്നിയിൽ നിന്നും വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയ മണിയെ ഒരു വർഷം മുമ്പാണ് തിരികെ എത്തിച്ചത്. 1964 ഏപ്രിൽ 13 ന് തേക്കുതോട് കൊപ്രമലയിൽ നിന്നാണ് പിടികൂടിയത്. അന്ന് 20 വയസോളം ഉണ്ടായിരുന്നു. തുടർന്ന് കോന്നി ആനത്താവളത്തിൽ എത്തിച്ച് പരിശീലനം നൽകി.സെക്കൻഡ് ക്ലാസിൽപെട്ട മണിയനെ കൂപ്പിലെ പണികൾക്കും മ​റ്റുമായി 1976 ൽ ആര്യങ്കാവിലേക്ക് കൊണ്ടുപോയി.പെൻഷൻ പ​റ്റിയതോടെ കോട്ടൂരും പിന്നീട് കോടനാട് ആനക്കളരിയിലും എത്തിച്ചു..

കോന്നി ആനത്താവളത്തിൽ നിന്ന് സുരേന്ദ്രനെ കുങ്കി പരിശീലത്തിന് തമിഴ്‌നാട്ടിലെ മുതുമലയിൽ കൊണ്ടുപോയപ്പോൾ പകരനായാണ് കോന്നിയിൽ തിരികെ എത്തിച്ചത്.

അറുപത്തിയഞ്ചാം വയസിൽ സർവീസിൽ നിന്ന് വിരമിച്ചു. ആചാരപരമായ ചടങ്ങുകളോടെ കല്ലേലി വനത്തിൽ ജഡം മറവ് ചെയ്തു

.

മിടുക്കനായ താപ്പാന

ആനക്കഥകളിലെ പ്രധാന നായകൻമാരിൽ ഒരാളാണ് മണിയൻ. ഇന്ന് ശ്രദ്ധേയരായ കൊമ്പൻമാരെയും പിടികളെയും ആനക്കൊട്ടിലിൽ എത്തിക്കാൻ സഹായിച്ചവരിൽ പ്രധാനിയാണ്. കൊച്ചയ്യപ്പൻ, രഞ്ജി, സോമൻ, വേണു, മണിയൻ എന്നീ കൊമ്പൻമാരായിരുന്നു കോന്നി ആനത്താവളത്തിലെ പ്രധാന താപ്പാനകൾ. കേരളത്തിലെ മികച്ച ആനകളായ കീഴൂട്ട് വിശ്വനാഥൻ, അടിയാട്ട് അയ്യപ്പൻ, സംയുക്ത, പ്രിയദർശിനി തുടങ്ങിയവരെ കാട്ടിലെ വരിക്കുഴിൽ നിന്നും കോന്നി ആനക്കൂട്ടിൽ എത്തിച്ചത് മണിയനും ചേർന്നാണ്.

വില്ലനായത് എരണ്ടക്കെട്ട്

എരണ്ടക്കെട്ടാണ് മണിയനെ അവശനാക്കിയതും പിന്നീട് മരണത്തിലെത്തിച്ചതും. ഇത്തരം രോഗങ്ങളുണ്ടായാൽ മെച്ചപ്പെട്ട ചികിത്സയ്ക്ക് കാര്യക്ഷമമായ സംവിധാനമില്ല.

വനം വകുപ്പിന്റെ കീഴിൽ ആനകളെ ചികിത്സിക്കാൻ വിദഗ്ദ്ധരായ ഡോക്ടർമാരില്ലാത്തതാണ് പ്രധാന പ്രതിസന്ധി. സാധാരണ വെ​റ്ററിനറി ഡോക്ടർമാരെ ഡെപ്യൂട്ടേഷനിൽ എത്തിച്ച് ചികിത്സ നൽകുകയാണ് പതിവ്. ഇവർ മുൻ പരിചയമുള്ള ഡോക്ടർമാരുടെയും വിദഗ്ദ്ധ വൈദ്യൻമാരുടെയും ഉപദേശങ്ങൾ തേടാറുമില്ലെന്ന് പരാതിയുണ്ട്.

, ആനകൾക്ക് എരണ്ടക്കെട്ട് പോലെയുള്ള മാരക രോഗങ്ങൾ വരുമ്പോൾ ചികിത്സയ്ക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ പാനൽ തയ്യാറാക്കണം. ആനകളെ ചികിത്സിച്ച് പരിചയമുള്ള സർവ്വീസിൽ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും നിലവിൽ സർവ്വീസിലുള്ള ഡോക്ടർമാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഈ പാനലിൽ ഉൾപ്പെടുത്തണം. പരസ്പര കൂടി ആലോചനകൾക്ക് ശേഷം വേണം ചികിത്സ ഉറപ്പാക്കാൻ.

ചിറ്റാർ ആനന്ദൻ, ( ആനകളെപ്പ​റ്റി പഠനം നടത്തുന്ന മുൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ) .