 
കോന്നി : കൊവിഡ് ബാധിച്ചു മരിച്ച വൃദ്ധയുടെ സംസ്‌കാരം നടത്തി ഡി.വൈ.എഫ്.ഐ നേതാക്കൾ മാതൃകയായി.വകയാർ കുറ്റികാട്ടിൽ പരേതനായ കെ.കെ.ഡാനിയേലിന്റെ ഭാര്യ ചിന്നമ്മ ഡാനിയേലിന്റെ (82) സംസ്‌കാരമാണ് ഡി.വൈ.എഫ്.ഐ നേതാക്കൾ നടത്തിയത്. വീട്ടുകാർ നിരീക്ഷണത്തിനായതിനാൽ വകയാർ ഓർത്തഡോക്‌സ് പളളി ഭാരവാഹികൾ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ കെ.യു.ജനീഷ് കുമാർ എം.എൽ.എയോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. എം.എൽ.എ യുടെ നിർദ്ദേശപ്രകാരം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് സംഗേഷ്.ജി.നായർ, വൈസ് പ്രസിഡന്റ് എം.അനീഷ് കുമാർ,ജില്ലാ കമ്മിറ്റിയംഗം സി.സുമേഷ്,കോന്നി മേഖല സെക്രട്ടറി ആർ. ശ്രീഹരി എന്നിവർ ചേർന്നാണ് സംസ്‌കാരം നടത്തിയത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പി.പി. ഇ കിറ്റ് ധരിച്ച് കോഴഞ്ചേരി ജില്ലാ അശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി കോന്നി. ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസിൽ കോന്നിയിൽ എത്തിച്ചു.തുടർന്ന് വകയാർ ഓർത്തഡോക്‌സ് പള്ളിയിൽ എത്തിക്കുകയും പള്ളി വികാരി റവ. കെ.വി. പോൾ , ഷിജു വകയാർ എന്നിവർ ചേർന്ന് സംസ്‌കാര ശുശ്രൂഷകൾ നടത്തി പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തുകയായിരുന്നു. കിഡ്‌ണി സംബന്ധമായ അസുഖത്തിന് ആശുപത്രയിൽ ചികിത്സയിലിരിക്കെയാണ് ചിന്നമ്മയ്ക്ക് കൊവിഡ് ബാധിച്ചത്.