 
ചെങ്ങന്നൂർ: എട്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചെങ്ങന്നൂർ നഗരസഭയുടെ അഗതിമന്ദിരം പ്രവർത്തനം ആരംഭിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 28 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ ആറാം വാർഡിൽ 20 സെന്റ് സ്ഥലത്തായാണ് മന്ദിരം. 2012 മാർച്ച് 23ന് ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും പ്രവർത്തിച്ചിരുന്നില്ല. പുതിയ കൗൺസിൽ എത്തിയതോടെ ഗാന്ധിഭവൻ മുഖേന അഗതിമന്ദിരം തുറന്നുപ്രവർത്തിപ്പിക്കാൻ ആലോചിച്ചെങ്കിലും പ്രാദേശികമായി അഗതിമന്ദിരങ്ങൾ നടത്തുന്നവരെ പരിഗണിച്ചാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അടൂർ കേന്ദ്രമായുള്ള മഹാത്മാ ജനസേവന കേന്ദ്രം ചെങ്ങന്നൂരിൽ ആരംഭിച്ചതോടെ കേന്ദ്രത്തിന്റെ ചെയർമാൻ രാജേഷ് തിരുവല്ലയോട് നഗരസഭ ഇക്കാര്യം അഭ്യർത്ഥിക്കുകയായിരുന്നു. മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ മേൽനോട്ടത്തിലുള്ള ആറാമത്തെ സ്ഥാപനമാണ് നഗരസഭയുടെ അഗതിമന്ദിരം. നഗരസഭാ കൗൺസിലിന്റെ പൂർണമായ നിയന്ത്രണത്തിൽ വ്യവസ്ഥകളോടെയാണ് മഹാത്മാ ജനസേവനകേന്ദ്രത്തിന് ചുമതല നൽകിയിരിക്കുന്നത്.
പത്തുപേരെ സംരക്ഷിക്കാം
നിലവിൽ പത്തുപേരെ സംരക്ഷിക്കാനുള്ള സൗകര്യമുണ്ട്. കൂടുതൽ പേർക്ക് സൗകര്യമൊരുക്കാൻ കെട്ടിടത്തിന് മുകളിൽ പുതിയ ഒരു നിലകൂടി നിർമ്മിക്കാം. അഗതിമന്ദിരത്തിലുള്ളവരെ പരിചരിക്കാൻ ഒരു സമയം മൂന്ന് ജീവനക്കാരാണുള്ളത്. കൂടുതൽ പേർ എത്തുന്നതോടെ ജീവനക്കാരുടെ എണ്ണത്തിലും വർദ്ധനവ് വരുത്തും. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്‌സൺ വത്സമ്മ ഏബ്രാഹം അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.സുധാമണി, ശോഭാ വർഗീസ്, സുജാ ജോൺ, പി.കെ.അനിൽകുമാർ, മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, കൗൺസിലർമാരായ ബെറ്റ്‌സി തോമസ്, സജൻ സാമുവേൽ, പി.ആർ.പ്രദീപ് കുമാർ, സൂസമ്മ ഏബ്രഹാം, സിഡിഎസ് ചെയർപേഴ്‌സൺ വി.കെ.സരോജിനി, മുൻ വൈസ് ചെയർമാൻ തോമസ് റ്റി. ഐപ്പ് എന്നിവർ പ്രസംഗിച്ചു.
---------
സംരക്ഷണം ആവശ്യമുള്ല നഗരസഭാ പ്രദേശത്തുള്ളവർ കൗൺസിലറുടെ സാക്ഷ്യപത്രം സഹിതം എത്തിയാൽ അഗതിമന്ദിരത്തിൽ താമസിക്കുന്നതിനുള്ള സൗകര്യം നൽകും.. കൂടുതൽ പേർ എത്തിയാൽ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ മറ്റു സെന്ററുകളിൽ താമസ സൗകര്യം ഒരുക്കും
കെ.ഷിബുരാജൻ
നഗരസഭാ ചെയർമാൻ