
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ കുടുങ്ങിയവർ ഏറെയും വിധവകളും രോഗികളുമാണ്. നിത്യച്ചെലവിനും ചികിത്സച്ചെലവിനുമായി സ്വരുക്കൂട്ടിയ പണമാണ് പലർക്കും നഷ്ടപ്പെട്ടത്. ഹാേട്ടൽ നടത്തിയും ചിട്ടി പിടിച്ചും ചികിത്സയ്ക്കും മരുന്നിനുമായി പണം കണ്ടെത്തിയവരും കണ്ണീര് പൊഴിക്കുന്നു. വൃക്കമാറ്റിവയ്ക്കലിന് വൻ തുക ചെലവ് വരുമെന്നറിഞ്ഞ് ഉള്ള പണം കൂടുതൽ പലിശ കിട്ടുമെന്ന് പ്രതീക്ഷിച്ച് പോപ്പുലറിൽ നിക്ഷേപിച്ചവരും ചതിക്കുഴിയിൽ വീണു. പൊളിഞ്ഞു വീഴാറായ വീടിന് പകരം മറ്റൊന്ന് കെട്ടിപ്പൊക്കാനുള്ള സ്വപ്നങ്ങളുമായി നിക്ഷേപിച്ചവരും കടുത്ത ആശങ്കയിലാണ്. നിക്ഷേപകരിൽ ചുരുക്കം ചിലരാണ് ധനികരായിട്ടുള്ളത്. കഷ്ടപ്പെട്ടുണ്ടാക്കിയ പണം എങ്ങനെയെങ്കിലും തിരിച്ചു ലഭിക്കണമെന്ന അപേക്ഷകളുമായി പൊലീസിന്റെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പിന്നാലെ നടക്കുകയാണ് നിക്ഷേപകർ. പണം കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ചിലർ പറയുന്നു. പോപ്പുലറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്തും വിറ്റും നിക്ഷേപകർക്ക് പണം തിരിച്ചു നൽകുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. എന്നാൽ, 124 കോടിക്കപ്പുറം ഒരു സ്വത്തിന്റെയും പണത്തിന്റെയും രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. രണ്ടായിരം കോടിയുടെ തട്ടിപ്പിൽ കുടുങ്ങിയ ആയിരങ്ങൾക്ക് എങ്ങനെ പണം തിരികെ നൽകുമെന്ന് ആരും ഉത്തരം നൽകുന്നില്ല.
മകളെ 18 വയസ് കഴിയുമ്പോൾ വിവാഹം കഴിപ്പിച്ച് അയക്കാനായി പോപ്പുലറിൽ കുറഞ്ഞ തുക നിക്ഷേപം നടത്തിയതാണ് വിധവയായ കോന്നി സ്വദേശിയായ രത്നമ്മ. ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്ന് വീട്ടുവേലയ്ക്ക് പോയി സമ്പാദിച്ച പണമാണ് ഉയർന്ന പലിശ ലഭിക്കുമെന്ന പ്രതീക്ഷയിൽ പോപ്പുലറിൽ നിക്ഷേപിച്ചത്. മകൾക്ക് 15 വയസുണ്ടായിരുന്നപ്പോൾ ജോലിക്കിറങ്ങി. ബന്ധുക്കൾ സഹായിച്ച് കിട്ടിയ പണവും കൂടി ചേർത്ത് അഞ്ച് വർഷത്തേക്കാണ് നിക്ഷേപിച്ചത്.
വകയാർ സ്വദേശി സജിത് നിക്ഷേപത്തുകയുടെ പലിശ ആവശ്യപ്പെട്ട് പല തവണ പോപ്പുലർ ശാഖയിൽ കയറിയിറങ്ങിയെങ്കിലും കൊടുത്തില്ല. ഒാരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി വിട്ടു. പിതാവിന്റെ ചികിത്സയ്ക്ക് അത്യാവശ്യം പണം വേണ്ടി വന്നപ്പോൾ ശാഖയിൽ ചെന്ന് രണ്ടായിരം രൂപ ചോദിച്ചിട്ടും തന്നില്ലെന്ന് അവർ കണ്ണീരോടെ പറഞ്ഞു.
വകയാർ പോപ്പുലർ ഫിനാൻസ് ആസ്ഥാനത്തിന് സമീപമുള്ള അമ്മിണിക്ക് നഷ്ടമായത് ചായ വിറ്റ് കിട്ടിയ പണമാണ്. വലിയ പലിശ പ്രതീക്ഷിച്ചല്ല, രോഗിയായ അമ്മിണി ചികിത്സയ്ക്കുള്ള സഹായം എന്ന നിലയിലാണ് ആയിരം, രണ്ടായിരം എന്നിങ്ങനെ ചെറിയ തുകകൾ പോപ്പുലറിൽ നിക്ഷേപിച്ചത്. കോന്നി സ്വദേശി ആനിക്ക് സ്ഥലം വാങ്ങാനായി നിക്ഷേപമിട്ട പണമാണ് നഷ്ടപ്പെട്ടത്. എങ്ങനെയെങ്കിലും പണം തിരിച്ചു കിട്ടണമെന്ന പ്രാർത്ഥനയിലാണ് അവർ.
പോപ്പുലർ ഫിനാൻസിനെ ഉടമകൾ ആസൂത്രിതമായി തകർക്കുകയായിരുന്നുവെന്ന് ചില ബ്രാഞ്ച് മാനേജർമാർ വെളിപ്പെടുത്തി. നിക്ഷേപം കൈകാര്യം ചെയ്തിരുന്ന ഉയർന്ന ഉദ്യോഗസ്ഥർക്ക് തട്ടിപ്പിനെപ്പറ്റി അറിയാമായിരുന്നു. ബ്രാഞ്ച് മാനേജർമാർക്ക് ടാർജറ്റ് ഇരട്ടിയാക്കി വലിയ തുക നിക്ഷേപമായി വാങ്ങി. ടാർജറ്റ് എത്തിക്കാൻ കഴിയാതെപോയവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.