 
പത്തനംതിട്ട: ഓമല്ലൂർ ആറ്റരികം വാർഡിലെ കുമ്പിക്കൽ ഏലാ, കിഴക്കേ മുണ്ടകൻ പാടശേഖരങ്ങൾ വീണ്ടും നെൽകൃഷിക്കൊരുങ്ങി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓമല്ലൂർ പഞ്ചായത്തിന്റെയും സംസ്ഥാന കൃഷി പവകുപ്പിന്റെ.യും സഹകരണത്തോടെ 25 ഹെക്ടറിലാണ് കൃഷി . 15 വർഷമായി തരിശുകിടക്കുന്ന പാടശേഖരങ്ങളാണ് ഇവ. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ
രണ്ടായിരത്തി നാലിലാണ് അവസാനമായി കൃഷിയിറക്കിയത്. .പാടശേഖരത്തിൽ നിന്ന് ആറ്റിലേക്ക് വെള്ളം ഒഴിഞ്ഞു പോകുന്ന ചാലുകൾ ദീർഘകാലമായി തരിശു കിടന്നതു മൂലം വെള്ളപ്പൊക്കത്തിലും അല്ലാതെയും മണ്ണുവീണ് വെള്ളമൊഴുക്ക് പൂർണ്ണമായും തടസ്സപ്പെട്ടു കിടക്കുകയായിരുന്നു .പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞും നിലം തീർത്തും ഉപയോഗശൂന്യമായ അവസ്ഥയിലുമായിരുന്നു. റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ ചാലുകൾ വൃത്തിയാക്കി വെള്ളമൊഴുക്ക് സുഗമമാക്കി.
പാടശേഖരങ്ങൾ തിരിച്ച് കൃഷിക്ക് ഉപയുക്തം ആകുമ്പോൾ ചാലുകൾ വൃത്തിയാക്കാൻ സ്ഥിരം സംവിധാനമാകുമെന്ന് ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയൻ പറഞ്ഞു.ഇനി ഒരു പാടം കൂടി മാത്രമാണ് ഓമല്ലൂരിൽ കൃഷി ചെയ്യാനുള്ളത് .അതോടുകൂടി ഓമല്ലൂർ തരിശുരഹിത പഞ്ചായത്താകും.
വിത്തിടീൽ ഉദ്ഘാടനം വീണാ ജോർജ് എം.എൽ.എ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എലിസബത്ത് അബു ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിരാദേവി, പഞ്ചായത്ത് മെമ്പർമാരായ ജയശ്രീ പി.കെ, ബ്ലെസ്സൻ ടി.എബ്രഹാം , സാജു കൊച്ചു തുണ്ടിൽ , റോട്ടറി അസിസ്റ്റന്റ് ഗവർണർ ഡോ. റാം മോഹൻ, കൃഷി ഓഫീസർ ജാനറ്റ് ഡാനിയേൽ, നെൽകൃഷി വികസന സമിതിയുടെ പ്രസിഡന്റ് എം. എം കുട്ടൻപിള്ള ,സെക്രട്ടറി ജോൺസൺ പാപ്പനാട്ട്, ദീപു അമ്പാടിയിൽ എന്നിവർ പങ്കെടുത്തു.