വടശേരിക്കര: പർവത ഭാഗത്ത് രാത്രിയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. കൂട്ടമായി എത്തുന്ന ഇവറ്റകൾ മറഷീറ്റുകളും മറ്റും കുത്തി ഉയർത്തി നീക്കി കൃഷിയിടങ്ങളിലേക്കിറങ്ങി മുഴുവൻ കൃഷി വിളകളും നശിപ്പിക്കുകയാണ്. കുരങ്ങ് ശല്യം വേറെയും. പകൽ നൂറുകണക്കിന് കുരങ്ങൻമാർ കൂട്ടത്തോടെ എത്തി മുഴുവൻ മേലാദായങ്ങളും കൊണ്ടുപോകുന്നു. തേങ്ങാ,ഓമക്കാ,കപ്പ ഇവയെല്ലാം കുരങ്ങ് നശിപ്പിക്കുകയാണ്.എറിഞ്ഞ് ഓടിച്ചാലോ,ബഹളം വച്ചാലോ ഇവറ്റകൾ പോകാറില്ല.തിരിച്ച് ഉപദ്രവിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം പുത്തൻ പറമ്പിൽ തോമസിന്റെ കൃഷിയിടത്തിലെ 15 മൂട് കപ്പയും ശീമചേമ്പും പന്നി കൂട്ടമായെത്തി നശിപ്പിച്ചു.വന്യമൃഗങ്ങളെ ഭയന്ന് കൃഷി ചെയ്യാതിരുന്ന കർഷകരെ ലോക്ഡൗൺ കാലത്തു സർക്കാർ നിർബന്ധിച്ചു കാശു മുടക്കിച്ചാണ് കൃഷി ചെയ്യിപ്പിച്ചത്. ഇത് പാഴായതായി കർഷകനായ തോമസ്പറയുന്നു. പന്നി-കുരങ്ങുശല്യത്തിനെതിരെ അടിയന്തരമായി അധികൃതർ നടപടിയെടുക്കണമെന്നാണ് കൃഷിക്കാരുടെ ആവശ്യം.