110-kv

പത്തനംതിട്ട- തിരുവല്ല 110 കെ.വി. സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും.
ശിലാഫലക അനാച്ഛാദനം മാത്യു ടി. തോമസ് എം.എൽ.എ നിർവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും.
തിരുവല്ല 66 കെ.വി. സബ് സ്റ്റേഷൻ 110 കെ.വി. സബ് സ്റ്റേഷനായി ഉയർത്തുന്നതിനായി 2.95 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകഴിഞ്ഞു. വൈദ്യുതി മേഖലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക പ്രസരണ, വിതരണ നഷ്ടം കുറയ്ക്കുക, ഉപയോക്താക്കൾക്ക് വൈദ്യുതി ആവശ്യാനുസരണം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി കൂടുതൽ സബ് സ്റ്റേഷനുകളും ലൈനുകളും സ്ഥാപിക്കാൻ വേണ്ടിയുള്ള സമയബന്ധിത പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരും സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡും ചേർന്ന് നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായാണ് തിരുവല്ല 66 കെ.വി. സബ്‌സ്റ്റേഷൻ 110 കെ.വി. നിലവാരത്തിലേക്ക് ഉയർത്തുന്നത്.
നിലവിൽ മഞ്ഞാടിക്കു സമീപത്തു കൂടി കടന്നുപോകുന്ന മല്ലപ്പള്ളി ചെങ്ങന്നൂർ 110 കെ.വി. ലൈനിൽ നിന്ന് 415 മീറ്റർ 110 കെ.വി. ഭൂഗർഭ കേബിൾ എച്ച്ഡിഡി( ഹോറിസോണ്ടൽ ഡയറക്ട് ഡ്രില്ലിംഗ് മെതേഡ്) ഉപയോഗിച്ച് കോഴഞ്ചേരി തിരുവല്ല റോഡിലൂടെ തിരുവല്ല സബ് സ്റ്റേഷനിൽ എത്തിക്കും. തുടർന്ന് അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ച് തിരുവല്ല സബ്‌സ്റ്റേഷനെ 110 കെ.വി. നിലവാരത്തിലേക്ക് ഉയർത്തുന്നതാണ് പദ്ധതി. ഇതിലൂടെ തിരുവല്ല സബ് സ്റ്റേഷന്റെ ശേഷി വർദ്ധിക്കും. വർദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും, തടസരഹിതമായി വൈദ്യുതി ആവശ്യാനുസരണം തിരുവല്ല നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമാക്കുന്നതിനും പദ്ധതി വഴിയൊരുക്കും.

-------------

ചെലവ് - 2.95 കോടി