05-bridge

കൂടൽ: മുറിഞ്ഞകൽ- അതിരുങ്കൽ -പുന്നമൂട് - രാജഗിരി റോഡ് നവീകരിച്ച് പുനർനിർമ്മിക്കാൻ 15 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന് നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
14.53 കിലോമീറ്റർ നീളമുള്ള റോഡ് ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്താണ് നവീകരിക്കുന്നത്. ചെറിയ പാലങ്ങൾ പുനർനിർമ്മിക്കുക, സംരക്ഷണഭിത്തി നിർമ്മിക്കുക, ട്രാഫിക് സേഫ്ടി വർക്ക് നടത്തുക തുടങ്ങിയവ നിർമ്മാണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
കാരയ്ക്കാക്കുഴി, ഇരുതോട് എന്നീ രണ്ട് ചെറിയ പാലങ്ങളാണ് പുനർനിർമ്മിക്കാനുള്ളത്. ഇവ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ചതാണ്. ഇവ ട്വിൻബോക്സ് കൾവർട്ടായി പുതുക്കി നിർമ്മിക്കും. പാലങ്ങളുടെ കൈവരി തകർന്ന് അപകട ഭീഷണിയിലായത് നേരത്തെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
കലഞ്ഞൂർ പഞ്ചായത്തിന്റെയും അരുവാപ്പുലം പഞ്ചായത്തിന്റെയും വികസനത്തിൽ വളരെയധികം പ്രധാന്യമുള്ള റോഡാണിത്. നിർമ്മാണം പൂർത്തിയാകുന്നതോടെ പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്തുകളിലെ കിഴക്കൻ മേഖലകളിൽ താമസിക്കുന്നവർക്ക് അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി വഴി വേഗത്തിൽ കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്താൻ കഴിയും.
22 കോടി രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ഇളമണ്ണൂർ - പാടം റോഡിലേക്കും ഈ റോഡുവഴി എത്തിച്ചേരാൻ കഴിയും. പുനലൂർ - മൂവാറ്റുപുഴ റോഡിന്റെ കോന്നി റീച്ചിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കുന്നതോടെ കലഞ്ഞൂർ പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡുകളെല്ലാം ആധുനിക നിലവാരത്തിലാകും.
നിർമ്മാണം ഉടൻ ആരംഭിക്കത്തക്ക നിലയിൽ നടപടികൾ പൂർത്തിയാക്കാൻ പൊതുമരാമത്ത് നിരത്തു വിഭാഗത്തിന് നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു.