
കൊക്കാത്തോട്: കാനന സൗന്ദര്യത്തിന്റെ വശ്യതയാണ് കൊക്കാത്തോട്ടിലെ കാട്ടാത്തിപ്പാറ സഞ്ചാരികൾക്ക് നൽകുന്നത്. കോന്നി താലൂക്കിലെ മലയോര ഗ്രാമമായ കൊക്കാത്തോട്ടിൽ ഇക്കോ ടൂറിസത്തിന് വിപുലമായ സാദ്ധ്യതയുള്ള പ്രദേശമാണ്.
കാട്ടാത്തിപ്പാറയുടെ സമീപത്തുള്ള പാപ്പിനി, ഒളക്കശാന്തി തുടങ്ങിയ പാറകളും ദൃശ്യ സൗന്ദര്യം കൊണ്ട് ശ്രദ്ധേയമാണ്. കോന്നി ഇക്കോ ടുറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ തണ്ണിത്തോട്, അടവി , മണ്ണീറ, തലമാനം വഴി കാട്ടാത്തിപ്പാറയിലേക്കുള്ള ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. . മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ആദിവാസികൾ താമസിക്കുന്ന കാട്ടാത്തി ആദിവാസി ഊരും സമീപത്താണ്.
കാഴ്ചകൾ കാണാൻ ഹോംസ്റ്റേ
സഞ്ചാരികൾക്ക് കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കി കാട്ടാത്തിപ്പാറയുടെ അടിവാരത്ത് ഹോംസ്റ്റേയയുമുണ്ട്. പ്രവാസിയായിരുന്ന എബിയും ഭാര്യ രമ്യയും ചേർന്നാണ് വനത്തോട് ചേർന്ന തങ്ങളുടെ ഒരേക്കർ സ്ഥലത്ത് സഞ്ചാരികൾക്കായി കുടിൽ ട്രീ ഹൗസ് എന്ന ഹോംസ്റ്റേ ഒരുക്കിയിരിക്കുന്നത്.
പ്രധാന റോഡിൽ നിന്ന് 50 മീറ്റർ വനത്തിലൂടെ നടന്ന് കൊക്കാത്തോട് തോടിന് കുറുകെ നിർമ്മിച്ചിരിക്കുന്ന തൂക്കുപാലം കടന്നുവേണം കുടിൽ ട്രീ ഹൗസിലെത്താൻ. കാറ്റാടിക്കഴ, മുള, ഓല, പാറക്കല്ല് എന്നീ പ്രകൃതിദത്ത വസ്തുക്കളുപയോഗിച്ചാണ് നിർമ്മാണം. .പത്തുപേർക്ക് ഇവിടെ താമസിക്കാൻ കഴിയും അറ്റാച്ച്ട് ബാത്ത് റൂം, ടൊയ്‌ലെറ്റ്, ഷവർ, കിടക്കകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.കോട്ടെജുകൾക്കെല്ലാം സോളാർ വേലിയുണ്ട് വനത്തിന്റെയും അരുവിയുടെയും കാഴ്ച്ചകൾ കാണാൻ കഴിയുന്ന രീതിയി ലാണ് കോട്ടേജുകളുടെ ലിവിങ്ങ് റൂമുകളും, ബാൽക്കണിയും ക്രമീകരിച്ചിരിക്കുന്നത് . ബാൽക്കണിയിൽ നിന്ന് മീൻ പിടിക്കാനുള്ള സൗകര്യമുണ്ട് .കോട്ടേജുകളിലേക്കുള്ള തൂക്കുപാലം ഉയർത്താനും താഴ്ത്താനും കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ നിന്ന് വനത്തിലൂടെ അച്ചൻകോവിലിലേക്കും ഗവിയിലേക്കും കോന്നി ആനത്താവളത്തിലേക്കും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്കും സഞ്ചാരികൾക്കായി ജീപ്പ് സഫാരിയും ഏർപ്പെടുത്തിയിട്ടുണ്ട്.