05-road-1
ദേശീയ പാതാ നിലവാരത്തിൽ പണിത മൈലപ്രമേക്കൊഴൂർ റോഡിൽ ഓടയ്ക്ക് മുകളിലെ സ്ലാബുകൾ തകർന്നുകിടക്കുന്നു

പത്തനംതിട്ട: ദേശീയ പാതാ നിലവാരത്തിൽ പണിത മൈലപ്ര - മേക്കൊഴൂർ റോഡ് ഒരുമാസമായപ്പോഴേക്കും തകർന്നു തുടങ്ങി. ആറുകോടി രൂപ ചെലവിലായിരുന്നു രണ്ടുകിലോമീറ്റർ റോഡ് നിർമ്മിച്ചത്.
ബി.എംബി.സി നിലവാരത്തിൽ റോഡ് പണിത് ഓട കോൺക്രീറ്റ് ചെയ്യാനായിരുന്നു തുക വകയിരുത്തിയത്. മേക്കൊഴൂരിൽ നിന്ന് മൈലപ്രയിലേക്ക് തിരിയുന്ന ഭാഗം ഇടതുവശത്തെ കോൺക്രീറ്റും ഓടയും സ്ലാബും ടാറിംഗ് ഭാഗവും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
മേക്കൊഴൂരിൽ നിന്ന് തിരിയുന്ന ഭാഗം മുതൽ 400 മീറ്റർ നീളത്തിൽ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. നിരപ്പായ സ്ഥലത്തുപോലും റോഡ് വിണ്ടുകീറിയ നിലയിലാണ്. പല ഭാഗങ്ങളിലും റോഡിന്റെ നടുഭാഗത്ത് വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. മേക്കൊഴൂർ കുരിശുംമൂട് മുതൽ താഴേക്ക് വരുന്ന ഭാഗം വലതുവശത്ത് കോൺക്രീറ്റും ടാറിംഗ് ഭാഗവും പൊട്ടിക്കീറിയിട്ടുണ്ട്. റോഡിൽ പൈപ്പ് ലൈൻ എടുക്കുന്നതിനായി നേരത്തെ എടുത്ത കട്ടിംഗുകൾ തെളിഞ്ഞുകാണാം. ഈ ഭാഗത്ത് റോഡിന്റെ സൈഡ് ഇടിഞ്ഞു താണ നിലയിലാണ്. വലിയ വാഹനങ്ങൾ ഇതുവഴി കടത്തിവിടുന്നില്ല.
വടശേരിക്കര, ചിറ്റാർ, സീതത്തോട്, റാന്നി, എരുമേലി, വെച്ചൂച്ചിറ, മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇപ്പോൾ മൈലപ്ര ഞുണ്ണുങ്കൽപടി, മുണ്ടുകോട്ടയ്ക്കൽ, കടമ്മനിട്ട വഴി തിരിച്ചുവിട്ടിരിക്കുകയാണ്.
രണ്ടുവരി പാതയായിട്ടുകൂടി ചെറിയ വാഹനങ്ങൾപോലും മൈലപ്രയിൽനിന്നും മേക്കൊഴൂരിലേക്ക് കടത്തിവിടുന്നില്ല.

------------

ചെലവായത് 6 കോടി