 
പത്തനംതിട്ട: അക്രമികളെ ഭയന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ജീവനക്കാർ ജോലി ചെയ്യുന്നത്. സുരക്ഷാ സംവിധാനങ്ങൾ പരിമിതമായതിനാൽ അക്രമം ഉണ്ടായാൽ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് അവർ. മാനസികാസ്വാസ്ഥ്യമുള്ള കോന്നി പയ്യനാമൺ സ്വദേശിയായ ബിജു ഞായറാഴ്ച രാത്രിയിൽ ആശുപത്രിയിലെ കാഷ്വാലിറ്റി തകർത്ത് ഡ്യൂട്ടി ഡോക്ടറെ ഭീഷണിപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം.
ഗർഭിണിയായ ഡോ. പ്രിനുവാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ബിജു ആശുപത്രിയിൽ എത്തുമ്പോൾ മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു ഡോക്ടർ. കുറച്ചുനേരം കാത്തിരുന്ന ശേഷം ഇയാൾ അക്രമാസക്തനാകുകയായിരുന്നു. അത്യാഹിത വിഭാഗത്തിന്റെ ഒരു ഭാഗം തകർത്ത ഇയാൾ തടയാനെത്തിയ സെക്യുരിറ്റിക്കാരെയും ആക്രമിച്ചു. പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോകാൻ ആംബുലൻസ് എത്തിച്ചെങ്കിലും പോകാൻ കൂട്ടാക്കിയില്ല.
തുടർന്ന് ബന്ധുക്കൾക്കൊപ്പം മടക്കി അയയ്ക്കുകയായിരുന്നു.
ഇയാൾ ഇന്നലെ പുലർച്ചെ വീണ്ടുമെത്തി. ആശുപത്രിയിൽ വച്ചിരുന്ന തന്റെ ബൈക്കും കണ്ണടയുമെടുത്തതിന് ശേഷം ഡോക്ടറെ ഭീഷണിപ്പെടുത്തി മടങ്ങി. ഇത്തരം അക്രമ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.
തങ്ങളുടെ ജീവന് എപ്പോൾ വേണമെങ്കിലും ആപത്ത് സംഭവിക്കാവുന്ന സ്ഥിതിയാണെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസം അക്രമം നടക്കുമ്പോൾ വനിതാ ജീവനക്കാരായിരുന്നു കൂടുതലും.
പൊലീസ് എയ് ഡ് പോസ്റ്റില്ല
സൂപ്പർ സ്പെഷ്യാലിറ്റി നിലവാരമുള്ള പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പൊലീസ് എയ് ഡ് പോസ്റ്റില്ല. പകൽ നാല് സെക്യുരിറ്റികൾ രണ്ട് ഗേറ്റിലായി ഉണ്ടാകും. രാത്രിയിലും രണ്ടുപേർ ഉണ്ട്. ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും സാമൂഹ്യ വിരുദ്ധർ കൈയേറ്റം ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. സെക്യുരിറ്റി ജീവനക്കാരെ നിയമിക്കുന്നത് സ്വകാര്യ ഏജൻസിവഴി.യാണ്. മുമ്പ് ആശുപത്രിയിലെ പൈപ്പുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുകയും ബക്കറ്റുകളടക്കം മോഷണം പോയതുമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മദ്യപൻമാരുടെ ശല്യവുമുണ്ട്. രാത്രിയിൽ പൊലീസ് പെട്രോളിംഗ് നടത്തുമെന്നതൊഴിച്ചാൽ മറ്റ് സംരക്ഷണമില്ല.