 
തടിയൂർ: ഇടയ്ക്കാട് മാർക്കറ്റ്- വാളക്കുഴി നാരകത്താനി റോഡ് അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുന്നു. റോഡ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് 3.81 കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അറിയിച്ചു. ആന്റോ ആന്റണി എം.പിയ്ക്കു നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശമാണിവിടം.സഡക് യോജനാ പദ്ധതി പ്രകാരം ഏകദേശം ആറു കിലോമീറ്ററോളം ദൂരം ആധുനിക രീതിയിൽ പുനരുദ്ധരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എഴുമറ്റൂർ പഞ്ചായത്തിലെ 6,7,11 ,12,13 എന്നീ വാർഡുകളിൽ കൂടിയാണ് പ്രധാനമായും പാത കടന്നു പോകുന്നത്. പ്രദേശവാസികൾക്ക് ജില്ലാ ആസ്ഥാനത്തേയ്ക്കും,മല്ലപ്പള്ളി, തിരുവല്ല, റാന്നി താലൂക്ക് ആസ്ഥാനങ്ങളിലേയ്ക്കും പോകുന്നതിനുള്ള എളുപ്പമാർഗമാണിത്. സ്‌കൂളുകൾ, ആരാധനാലയങ്ങൾ, കൃഷിഭവൻ , അങ്കണവാടികൾ,പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ റോഡിനു സമീപത്തുണ്ട്. നിരവധി ആളുകൾ താമസിക്കുന്ന മടുക്കപ്പുഴ ,ചുഴന കോളനികളും ഇതിനോടനുബന്ധിച്ചുണ്ട്.
വിശദമായ സർവേയിൽ നടപടി
കലുങ്കുകളുടെ പുനരുദ്ധാരണം,ഓട,ചപ്പാത്ത് നിർമ്മാണം,സംരക്ഷണ ഭിത്തി ,റീ ടാറിംഗ് തുടങ്ങിയവ നടത്തുന്നതിനാണ് പ്രധാനമായും സർവേ നടത്തിയത്. മഴക്കാലമായാൽ മരങ്ങളിൽ നിന്നുള്ള വെള്ളവും മറ്റും വീണ് റോഡു നശിക്കുന്നത് പതിവായതിനാലാണ് ആധുനിക രീതിയിൽ നവീകരിക്കണമെന്ന ആവശ്യം ശക്തമായത്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ,പഞ്ചായത്ത് അംഗങ്ങളായ ആലീസ് ജോർജ്ജ്, ജിജി ഏബ്രഹാം, തോമസ് ജേക്കബ്ബ്, സൂസൻ തോമസ്, എം.എസ്. ലത.,ജോയി അശോക്, സുധി, ഓവർസീയർ സെയ്ദ് എന്നിവരുടെ നേതൃത്വത്തിൽ വിശദമായ സർവ്വേ നടത്തി ഡി.പി.ആർ തയാറാക്കി കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഇപ്പോഴത്തെ ഭരണാനുമതി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എഴുമറ്റൂർ പഞ്ചായത്തിന്റെയും സമീപപ്രദേശങ്ങളുടെയും പ്രദേശം ത്വരിതഗതിയിലാകും. ഇടയ്ക്കാട് മാർക്കറ്റ് മുതൽ തോണിപ്പുഴ വരെയുള്ള ഭാഗം നവീകരിച്ചതിനു പിന്നാലെയാണിത്.
-ജില്ലാ ആസ്ഥാനത്തേയ്ക്കും ,മല്ലപ്പള്ളി , തിരുവല്ല, റാന്നി താലൂക്ക് ആസ്ഥാനങ്ങളിലേയ്ക്കും പോകുന്നതിനുള്ള എളുപ്പമാർഗം
-3.81 കോടി രൂപ അനുവദിച്ചു