06-peper-1

തണ്ണിത്തോട്: രോഗബാധയും വിലത്തകർച്ചയും മൂലം കുരുമുളുക് കൃഷി പ്രതിസന്ധിയിൽ. 2016ൽ ഒരു കിലോ കുരുമുളകിന് 700 രൂപ ലഭിച്ചിരുന്ന സ്ഥാനത്തിപ്പോൾ 300 രൂപയാണ് വില. ലോക് ഡൗൺ നാളുകളിൽ അൺഗാർബിൾഡ് കുരുമുളകിന് 30500ൽ നിന്ന് 30 900 ആയും ഗാർബിൾഡിന് 29 500 ൽ നിന്ന് 29900 ആയും വിലയുയർന്നത് കർഷകർക്ക് പ്രതീക്ഷ നൽകിയെങ്കിലും വീണ്ടും വില ഇടിഞ്ഞു. മെതിച്ചുണങ്ങി വിപണിയിലെത്തിച്ചാൽ പണിക്കൂലി പോലും കൊടുക്കാൻ കഴിയില്ലന്നാണ് കർഷകർ പറയുന്നത്. വളത്തിന്റെയും കീടനാശിനികളുടെയും വില വർദ്ധനയും കർഷകർക്ക് ഇരുട്ടടിയായി. ജൂൺ, ജൂലായ് മാസങ്ങളിൽ കാര്യമായി മഴ ലഭിക്കാതിരുന്നതും കൃഷിയെ ബാധിച്ചു. ബാക്ടീരിയ ബാധ മൂലം തിരികൊഴിച്ചിലുമുണ്ടായി. ഇതിന് പുറമേ ഇലചീയൽ രോഗവും വേരുകളിലെ പൂപ്പൽരോഗബാധയും കുമിൾ രോഗവും കൃഷിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. തടത്തിലും ചെടിയിലും കുമ്മായം വിതറിയാൽ ഒരു പരിധിവരെ രോഗബാധ ചെറുക്കാമെന്നേയുള്ളു. വിലത്തകർച്ചമൂലം പ്രതിസന്ധിയിലായ കർഷകർക്ക് സ്‌പൈസസ് ബോർഡിന്റെ ധനസഹായവും ലഭിക്കുന്നില്ല. കുരുമുളക് തോട്ടങ്ങളിൽ മഞ്ഞൾ, ഇഞ്ചി, ചേമ്പ് എന്നിവ ഇടവിളയായി കൃഷി ചെയ്യുമായിരുന്നെങ്കിലും കാട്ടുപന്നി ശല്യം മൂലം ഇത് നിലച്ചു.

ചെലവേയുള്ളു, മിച്ചമില്ല

തൊഴിലാളികൾക്ക് 700 മുതൽ 800 രൂപ വരെ കൂലി കൊടുക്കണം. വളത്തിനും മറ്റുമുള്ള ചെലവ് കഴിഞ്ഞാൽ മിച്ചം ഒന്നും ലഭിക്കില്ല. 3 കിലോ പച്ചക്കുരുമുളക് ഉണങ്ങിയാൽ മാത്രമേ ഒരു കിലോ ഉണക്കക്കുരുമുളക് കിട്ടു. വിലയിടിവ് മൂലം പലകർഷകരും 4 വർഷത്തെ കുരുമുളക് വരെ വിൽക്കാതെ വച്ചിരിക്കുകയാണ്.

ഗുണത്തിൽ മുമ്പൻ

ഇടുക്കി, വയനാട് ജില്ലകളിലെ കുരുമുളകിനോട് കിടപിടിക്കുന്നതാണ് പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോരത്തെ കുരുമുളക്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വിളവെടുപ്പ്. നട്ട് 2 വർഷം കഴിയുമ്പോൾ വിളവെടുത്ത് തുടങ്ങാം. ഒരേക്കറിൽ 400 തണ്ട് കാലുകൾ നടും. ഒരു താങ്ങു കാലിൽ 4 വള്ളികൾ നടാം. തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട് മേഖലകളിൽ കർഷകർ വ്യാപകമായി കുരുമുളക് കൃഷി ചെയ്യുന്നുണ്ട്.

------------

2016ൽ ഒരു കിലോ കുരുമുളകിന് - 700 രൂപ

ഇപ്പോൾ - 300 രൂപ

--------------------

പ്രശ്നങ്ങൾ

വിലയിടിവ്

രോഗബാധ

വളം വില വർദ്ധന

ഇടവിള കൃഷി നിലച്ചു